

മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീകാന്ത് പങ്കാര്‍കര്‍ 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 13-ാം വാര്‍ഡില്‍ നിന്നും വിജയിച്ചത്. ഗൗരി ലങ്കേഷ് വധക്കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് ശ്രീകാന്ത് പങ്കാര്‍കര്‍ ജനവിധി തേടിയത്. ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. സ്വതന്ത്രരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലായിരുന്നു മത്സരം.
ക്രിമിനല്‍ക്കേസ് പ്രതിയെന്ന് ചൂണ്ടിക്കാട്ടി ശ്രീകാന്തിന്റെ വിജയാഘോഷത്തിനെതിരെ പലകോണില്‍ നിന്നും വിമര്‍ശനം ശക്തമാണ്. എന്നാല്‍ ഗൗരി ലങ്കേഷ് വധക്കേസില്‍ തനിക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും ശ്രീകാന്ത് വിജയത്തിന് പിന്നാലെ പ്രതികരിച്ചു.
ഗൗരി ലങ്കേഷ് വധക്കേസില്‍ 2024 സെപ്തംബറിലാണ് കര്‍ണ്ണാടക ഹൈക്കോടതി ശ്രീകാന്തിന് ജാമ്യം അനുവദിച്ചത്. 2001 ലും 2006 ലും ശ്രീകാന്ത് ശിവസേന സ്ഥാനാര്‍ത്ഥിയായി ജല്‍ന മുനിസിപ്പല്‍ കൗണ്‍സില്‍ കോര്‍പ്പറേറ്ററായി തെരഞ്ഞെടുത്തിരുന്നു. 2011ല്‍ ഹിന്ദു ജന്‍ദാഗ്രതി സമിതിയില്‍ ചേര്‍ന്നതോടെ ടിക്കറ്റ് നിഷേധിച്ചു.
2018 ല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രൂഡ് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കേസില്‍ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2024ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ ചേരുന്നു. വിമര്‍ശനം ശക്തമായതോടെ ശ്രീകാന്തിന്റെ ശിവസേന പ്രവേശനം ഷിന്‍ഡെ മരവിപ്പിക്കുകയായിരുന്നു.
Content Highlights: Gauri Lankesh murder accused Shrikant Pangarkar wins Jalna civic poll as Independent