പ്രക്ഷോഭകാരികളെ തൂക്കിലേറ്റില്ലെന്ന് ഇറാൻ; വ്യോമപാതയിൽ താൽക്കാലിക നിയന്ത്രണം, എയർ ഇന്ത്യയിലും മാറ്റങ്ങൾ

സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അബ്ബാസ് അരഗ്ചി

പ്രക്ഷോഭകാരികളെ തൂക്കിലേറ്റില്ലെന്ന് ഇറാൻ; വ്യോമപാതയിൽ താൽക്കാലിക നിയന്ത്രണം, എയർ ഇന്ത്യയിലും മാറ്റങ്ങൾ
dot image

തെഹ്‌റാന്‍: പ്രക്ഷോഭകാരികളെ തൂക്കിലേറ്റാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. തൂക്കികൊല്ലല്‍ ആലോചനയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ശിക്ഷകളെ കുറിച്ച് ചോദിക്കേണ്ടതില്ലെന്നും അരഗ്ചി കൂട്ടിച്ചേര്‍ത്തു. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അരഗ്ചിയുടെ പ്രതികരണം.

അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടുകളായി ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി കൊണ്ടിരിക്കുകയാണെന്നും യുദ്ധത്തേക്കാള്‍ നല്ല മാര്‍ഗം നയതന്ത്രമാണെന്നും അരഗ്ചി പറഞ്ഞു.

അതേസമയം പ്രക്ഷോഭങ്ങള്‍ തുടരുന്നതിന് ഇടയില്‍ വ്യോമപാതയില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇറാന്‍. തെരഞ്ഞെടുക്കപ്പെട്ട ചില അന്താരാഷ്ട്രങ്ങ വിമാനങ്ങള്‍ ഒഴികെയുള്ളവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യോമപാതയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഇറാന്‍ നല്‍കിയിട്ടില്ല.

ഇറാനിലെ താല്‍ക്കാലിക നിയന്ത്രണത്തിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യോമപാത വഴിതിരിച്ച് വിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ട് തന്നെ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

സുരക്ഷിതമായി വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത വിമാനങ്ങള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ വെബ്‌സൈറ്റില്‍ കയറി വിമാനത്തിന്റെ വിവരങ്ങള്‍ അറിയണമെന്നും എയര്‍ ഇന്ത്യ നിര്‍ദേശിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: Iran’s Foreign Minister Abbas Araghchi stated there is no plan to hang protesters in connection with the ongoing anti-government demonstrations, describing any suggestion of planned executions as out of the question.

dot image
To advertise here,contact us
dot image