

വാഷിംഗ്ടൺ: ഇറാനിൽ ആക്രമണം നടത്തുന്നതിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നിൽ പെൻ്റഗൺ വിവിധ സാധ്യതകൾ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്. ആണവ കേന്ദ്രങ്ങളും മിസൈൽ കേന്ദ്രങ്ങളും ആക്രമിക്കാനുള്ള സാധ്യതകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാൻ്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ മാത്രം ആക്രമണ ലക്ഷ്യമാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ ഇറാനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള സാധ്യതകളാണ് പെൻ്റഗൺ ട്രംപിന് അവതരിപ്പിച്ചതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സൈബർ ആക്രമണം, ഇറാൻ്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ ആക്രമിക്കുക തുടങ്ങിയ സാധ്യതകളും പെൻ്റഗൺ അവതരിപ്പിച്ചാതായാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. താമസിയാതെ ആക്രമണം നടത്തിയേക്കാമെന്നും അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ഭരണകൂട വിരുദ്ധ കലാപങ്ങൾ ശക്തമാകവെ അമേരിക്കൻ ഇടപെടലിനെതിരെ മുന്നറിയിപ്പുമായി നേരത്തെ ഇറാൻ രംഗത്തെത്തിയിരുന്നു. ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇറാൻ്റെ പ്രതികരണം. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലെ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞ് പോകാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയത് മിഡിൽ ഈസ്റ്റിൽ യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നായിരുന്നു ഇറാൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് അമേരിക്കൻ സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. അമേരിക്കൻ ആക്രമണം തടയാൻ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോേഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക ഇറാനെ ലക്ഷ്യമിട്ടാൽ സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന് ടെഹ്‌റാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദിലുള്ള അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനവും ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഉൾപ്പെടെ മേഖലയിലുടനീളം അമേരിക്കയ്ക്ക് നിരവധി സൈനിക താവളങ്ങളുണ്ട്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ളവർ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇറാനിൽ രാഷ്ട്രീയ പ്രക്ഷോഭം നടക്കുന്നത്. ഇറാനിയൻ റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിൽ മരണസംഖ്യ 2000 കടന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ മാർഗങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്തിട്ടുണ്ട്.
Content Highlights: The Pentagon has briefed President Trump on expanded military options against Iran amid protests, including potential strikes on nuclear program targets beyond June 2025 attacks, ballistic missile facilities, cyberattacks, and psychological campaigns to pressure the regime, per NYT and other reports.