ക്രൂ -11 ദൗത്യ സംഘം ഭൂമിയിലെത്തി; കാലിഫോർണിയൻ തീരത്ത് സ്പ്ലാഷ് ഡൗൺ, യാത്രികർ സുരക്ഷിതർ

സംഘത്തിലെ ഒരു ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ദൗത്യം പൂർത്തിയാക്കാൻ ഒരുമാസം ശേഷിക്കെ അടിയന്തരമായി ഇവർ തിരിച്ചെത്തിയത്

ക്രൂ -11 ദൗത്യ സംഘം ഭൂമിയിലെത്തി; കാലിഫോർണിയൻ തീരത്ത് സ്പ്ലാഷ് ഡൗൺ, യാത്രികർ സുരക്ഷിതർ
dot image

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്പേസ് എക്സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി. പുലർച്ചെ 3.30ന് ബഹിരാകാശ നിലയത്തിൽനിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയൻ തീരത്തെ കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്തു. പത്ത് മണിക്കൂറിലധികം സമയമെടുത്ത് നടന്ന ദൗത്യം വിജയകരമായി പൂർത്തിയായതായി നാസ അറിയിച്ചു. പേടകത്തെ കടലിൽ നിന്നും വീണ്ടെടുത്ത് പ്രത്യേകം സജ്ജമാക്കിയ കപ്പലിലേക്ക് മാറ്റി സംഘാംഗങ്ങളെ പുറത്തിറക്കി. മെഡിക്കൽ സംഘം പരിശോധിച്ച് ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

Also Read:

നാല് അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ദൗത്യം പൂർത്തിയാക്കാൻ ഒരുമാസം ശേഷിക്കെ അടിയന്തരമായി സംഘം തിരിച്ചെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു മെഡിക്കൽ ഇവാക്യൂവേഷൻ നടക്കുന്നത്. സ്വകാര്യത മാനിച്ച് ക്രൂവിലെ ആർക്കാണ് ആരോഗ്യ പ്രശ്നമുള്ളതെന്നും രോഗം എന്താണെന്നും നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ അടിയന്തര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് നാസ അറിയിച്ചിട്ടുണ്ട്. 165 ദിവസമാണ് സംഘം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമായിരുന്നു മടക്കം.

സംഘാംഗത്തിന്റെ ആരോഗ്യ പ്രശ്നം കാരണം കഴിഞ്ഞ ആഴ്ച ക്രൂവിന്റെ ബഹിരാകാശ നടത്തവും റദ്ദാക്കിയിരുന്നു. ഓഗസ്റ്റിലാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിൻകെയുടെ നാലാം സ്പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.

Content Highlights:‌ The SpaceX Crew11 mission team has returned to Earth, early return due to Astronaut health issue

dot image
To advertise here,contact us
dot image