

നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അവസാനമായി ലോകേഷിന്റേതായി പുറത്തിറങ്ങിയ രജനികനാന്ത് ചിത്രം കൂലി പ്രതീക്ഷകൾ കാത്തില്ലെങ്കിലും കളക്ഷൻ നേടിയിരുന്നു. അല്ലു അർജുനുമൊത്താണ് ലോകേഷ് അടുത്ത സിനിമ ചെയ്യുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
അനിരുദ്ധിന്റെ കിടിലൻ മ്യൂസിക്കിൽ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അർജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.
നേരത്തെ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വീണ്ടും സിനിമ നീട്ടിവെക്കുകയായിരുന്നു. പ്രതിഫലത്തിന്റെ തർക്കത്തെ തുടർന്നാണ് ലോകേഷ് കൈതി 2 നീട്ടിവെക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അല്ലു അർജുൻ സിനിമയ്ക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ലോകേഷിന് കൈതി 2 വിൽ ഓഫർ ചെയ്തതെന്നും അതിനാലാണ് ലോകേഷ് ആ സിനിമ ഇപ്പോൾ ചെയ്യാത്തത് എന്നാണ് തമിഴ് ട്രക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.
Content Highlights: Allu Arjun new film with lokesh kanakaraj announced with anirudh music