

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് എയർപ്ലെയിൻ മോഡിൽ ഫോൺ ചാർജ് ചെയ്താൽ ഫോൺ പെട്ടെന്ന് ചാർജാകുമെന്നാണ്. ടെക് എക്‌സ്‌പേർട്ടെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുന്ന പലരും പറയുന്ന ടിപ്പുകളിൽ ഒന്നാണ് ഇത്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം.
എയർപ്ലെയിൻ മോഡ് എനേബിൾ ചെയ്താൽ, എല്ലാ വയർലെസ് കണക്ഷനിൽ നിന്നും ഫോൺ ഡിസ്‌കണ്ക്ട് ആകും. മൊബൈൽ ഡാറ്റ, കോളുകൾ, വൈ ഫൈ, ബ്ലൂടൂത്ത്, ബാക്ക്ഗ്രൗണ്ട് സിംഗിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന്റെ ഫലമായി ഫോൺ നെറ്റ്‌വർക്ക് സിഗ്നൽ സെർച്ച് ചെയ്യുന്നത് അവസാനിപ്പിക്കും മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികളും നിശ്ചലമാകും. ഇവയെല്ലാം പവർ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളാണ്. കുറച്ച് ഫംഗ്ഷനുകൾ മാത്രം റണ്ണിങ് ആയതിനാൽ ചാർജ് ചെയ്യുമ്പോൾ കുറച്ച് ഊർജം മാത്രമേ ഫോണിന് ഉപയോഗിക്കേണ്ടി വരുന്നുള്ളു.
അപ്പോൾ ചോദ്യമിതാണ്, ഫ്‌ളൈറ്റ്‌മോഡ് അല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ചാർജിങ് വേഗത്തിലാക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അത് വളരെ വേഗത്തിൽ ഫോൺ ചാർജ് ആകുമെന്ന് പറയാൻ കഴിയില്ല. നെറ്റ്‌വർക്ക് കണക്ഷൻ മൂലം ബാറ്ററി ഡ്രെയിനാകുന്ന അവസ്ഥ സംഭവിക്കില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് പ്രവർത്തനും നടക്കാത്തതിനാൽ ഫോണ്‍ ചാർജിങ്ങിനായി ഇടുമ്പോൾ ലഭിക്കുന്ന മുഴുവൻ ചാർജും ബാറ്ററി ചാർജിങിന് തന്നെയാണ് ഉപയോഗിക്കുന്നത്.
ഇതോടെ ചാർജിങിന്റെ വേഗത പെട്ടെന്ന് അങ്ങ് വർധിക്കുകയല്ല. പഠനങ്ങളും ബാറ്ററി എക്‌സ്‌പേർട്ടുകളും പറയുന്നത് ചില സമയങ്ങളില്‍ വളരെ കുറച്ച് നിമിഷങ്ങൾ മുതൽ 15 ശതമാനം വരെ മാത്രമേ ചാർജിങ് വേഗത കൂടുകയുള്ളു. ഇത് ഫോണിന്റെ മോഡൽ, ബാറ്ററി ഹെൽത്ത്, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചിരിക്കും.
എയർപ്ലെയിൻ മോഡ് ഫോൺ ചാർജിങ് കുറച്ച് വേഗത്തിലാക്കുമെങ്കിലും, മറ്റ് ചില ഘടകങ്ങളാണ് പെട്ടെന്ന് ബാറ്ററി ചാർജാവാൻ സഹായിക്കുന്നത്. ഫാസ്റ്റ് ചാർജർ, നല്ല ഗുണനിലവാരമുള്ള കേബിൾ, ലാപ്‌ടോപ് യുഎസ്ബി പോർട്ടിന് പകരമുപയോഗിക്കുന്ന വാൾ സോക്കറ്റ് എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. ആധുനിക സ്മാർട്ട്‌ഫോണുകൾ ഫാസ്റ്റ് ചാർജിങ് ടെക്‌നോളജികളാണ് ഉപയോഗിക്കുന്നത്. ഇതും പവർ ഫ്‌ളോയെ സ്വാധീനിക്കും.എയർപ്ലെയിൻ മോഡ് ബാറ്ററി ചൂടാവുന്ന സാഹചര്യവും കുറയ്ക്കും. ഇതും ബാറ്ററി ഒരു പരിധി വരെ പെട്ടെന്ന് ബാറ്ററി ചാർജാവാൻ കാരണമാകുന്നതിനൊപ്പം, ബാറ്ററി ഹെൽത്ത് നീണ്ടകാലം നിലനിൽക്കാനും സഹായിക്കും. ചാർജിങിന് വൈകാനുള്ള കാരണങ്ങളിലൊന്ന് ഫോൺ അമിതമായി ചൂടാകുന്നതാണ്.
എയർപ്ലെയിൻ മോഡ് ഫോൺ ചാർജിങ് വേഗത്തിലാക്കുമോ എന്ന് ചോദിച്ചാൽ അതേയെന്നാണ് ഉത്തരമെങ്കിലും അതിന് പരിമിതികളുണ്ട്. പവർ യൂസേജ് കുറയ്ക്കുമെങ്കിലും ഇതൊരു മാജിക് സൊല്യൂഷനല്ല. പെട്ടെന്ന് ബാറ്ററി ചാർജ് ആകണമെങ്കിൽ, നല്ല ചാർജർ ഉപയോഗിക്കുക, ചാർജ് ചെയ്ത് കൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക, ഉപകരണം കൂളായി സൂക്ഷിക്കുക. എയർപ്ലെയിൻ മോഡ് ഉപയോഗപ്രദമായ ഒരു രീതിയാണ് എന്നാൽ ഗ്യാരണ്ടിയുള്ള ഫാസ്റ്റ് ചാർജിങ് ട്രിക്കല്ല.
Content Highlights: Airplane mode turns off mobile network, Wi-Fi, and Bluetooth. Reduced background activity lowers battery power consumption. More power goes directly into charging the battery. Charging speed improvement is usually small, not dramatic