

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, അവതാരിക, നടി എന്നീ നിലകളിൽ മലയാളികൾക്ക് പരിചിതയാണ് വര്‍ഷ രമേശ്. വർഷ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുന്ന കണ്ടന്റുകൾക്ക് ആരാധകർ ഏറെയാണ്. റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള, ചിന്തിപ്പിച്ചിട്ടുള്ള വർഷ തന്റെ 2025 നെക്കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത്. നേട്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും വർഷയ്ക്ക് ഏറെ സങ്കടം സമ്മാനിച്ച വർഷം കൂടിയാണ് കടന്നു പോകുന്നതെന്ന് വീഡിയോ പങ്കുവെച്ച് വർഷ പറയുന്നു. റിലേഷന്‍ഷിപ്പ് തകരുകയും പാനിക് അറ്റാക്ക് വരുകയും ചതിക്കപ്പെടുകയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വര്‍ഷമാണ് 2025 എന്നാണ് വര്‍ഷ പറയുന്നത്.
'2025 എന്നെ സംബന്ധിച്ച് വേറേതന്നെ വർഷമായിരുന്നു. സ്വന്തമായി ഞാനൊരു ബിഎംഡബ്ല്യൂ വാങ്ങിച്ച വർഷമാണ്. അതേവർഷം തന്നെ എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി വീണ്ടും സീറോയായ വർഷം. മലയാളത്തിലെ തന്നെ ഏറ്റവും ടോപ് ടെലിവിഷൻ ഷോയിൽ വീണ്ടും അവതാരകയായി എത്തിയ വർഷം. ഉത്കണ്ഠ, ഉയര്‍ന്ന നെഞ്ചിടിപ്പ് , പാനിക് അറ്റാക്ക് തുടങ്ങി പല മാനസിക അസുഖങ്ങൾക്കുമുള്ള മരുന്നുകൾ കഴിച്ച വർഷവും അത് തന്നെ. അത്യാവശ്യം നന്നായി സമ്പാദിച്ച വർഷമായിരുന്നു. അതേവർഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താൽ, എന്റെ തെറ്റ് കൊണ്ടല്ലാതെ ഏറ്റവും കൂടുതൽ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വർഷം.
പൊതുവിൽ ആരുമായി താരതമ്യം ചെയ്യാത്തൊരാളാണ് ഞാൻ. പക്ഷേ ഈ വർഷം മറ്റ് പലരുമായിട്ട് എന്നെ താരതമ്യം ചെയ്തു. എനിക്ക് ആഗ്രമുള്ള എല്ലാ സാധനങ്ങളും വാങ്ങിച്ച വർഷം കൂടിയാണിത്. നാലഞ്ച് രാജ്യങ്ങളിൽ സഞ്ചരിച്ചു. ഇതൊക്കെ വാങ്ങിയും ഈ സ്ഥലങ്ങളിലെല്ലാം പോയിട്ടൊക്കെ ഞാൻ വന്നപ്പോൾ എന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഒറ്റക്കായ വർഷം. ഇങ്ങനെ ഒറ്റയ്ക്കാവാനും ഇൻഡിപെൻഡന്റ് ആവാനും സ്ട്രോങ്ങ് ആവാനും എനിക്ക് ആഗ്രഹമില്ല. പക്ഷേ ഞാനിതൊക്കെ ആയി. രാത്രിയാകാൻ ഞാൻ കാത്തിരിക്കും. കാരണം എനിക്ക് ഉണർന്നിരിക്കുന്നത് ഇഷ്ടമില്ല. കാരണം എഴുന്നേറ്റു കഴിഞ്ഞാൽ അപ്പോ തുടങ്ങും നെഗറ്റീവ് ചിന്തകൾ. വിഷമങ്ങളും പ്രശ്നങ്ങളും തുടങ്ങും. മെന്റലി ഭയങ്കരമായി സ്ട്രെസാകും. ഒന്നുറങ്ങാൻ കൊതിച്ചിട്ടുള്ള വർഷമാണ് 2025.
മുന്നോട്ട് ഓടുന്നവർക്കെ മാറ്റം ഉണ്ടാവുകയുള്ളൂ. ചായാൻ ഒരു തണലുണ്ടെങ്കിലെ ക്ഷീണമുണ്ടാവൂ. പക്ഷേ എനിക്ക് തണലില്ല. എന്റെ കണ്ണ് തുറപ്പിച്ച വർഷം കൂടിയാണ് കടന്നു പോകുന്നത്. മറ്റുള്ളവരുടെ ഫോട്ടോസും സ്റ്റാറ്റസും മാത്രം കണ്ടിട്ട് അവരുടെയൊക്കെ ലൈഫ് എമ്മാതിരിയാണ്, നമ്മുടെ ലൈഫ് എന്ത് ഡാർക്കാണെന്ന് ആലോചിച്ചോണ്ടിരിക്കുന്ന നിങ്ങൾക്ക് വേണ്ടിയിട്ടാണ് ഈ തുറന്നു പറച്ചിൽ,' വർഷ പറഞ്ഞു.
Content Heighlights: Varsha Ramesh opens up about the challenges she endured and the milestones she achieved in 2025