

കേരളവും ജാര്ഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയില് പിരിഞ്ഞു. ഫോളോ ഓണ് ചെയ്ത് രണ്ടാം ഇന്നിങ്സിനായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില് 62 റണ്സെടുത്ത് നില്ക്കെ കളി സമനിലയില് അവസാനിപ്പിക്കാന് തീരുമാനിക്കുകയായിരുന്നു. ജാര്ഖണ്ഡിന്റെ കൂറ്റന് സ്കോറായ 587 റണ്സിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 395ന് അവസാനിച്ചിരുന്നു. ജാര്ഖണ്ഡ്: 587, കേരളം (ഒന്നാം ഇന്നിങ്സ്): 395, കേരളം (രണ്ടാം ഇന്നിങ്സ്): 62-2.
ആറ് വിക്കറ്റിന് 269 റണ്സ് എന്ന നിലയില് അവസാന ദിവസം കളി പുനരാരംഭിച്ച കേരളത്തിന് സല്മാന് നിസാറും ആദിത്യ സര്വാടെയും ചേര്ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേര്ന്ന് ഏഴാം വിക്കറ്റില് 104 റണ്സ് കൂട്ടിച്ചേര്ത്തു. എന്നാല് സ്കോര് 353ല് നില്ക്കെ സല്മാന് നിസാറിന്റെ വിക്കറ്റ് വീഴ്ത്തി മനീഷ് സിങ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. 43 റണ്സാണ് സല്മാന് നേടിയത്.
തുടന്നെത്തിയവര്ക്ക് ക്രീസില് അധികനേരം പിടിച്ചുനില്ക്കാനായില്ല. ഏദന് ആപ്പിള് ടോം മൂന്ന് റണ്സെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന ആദിത്യ സര്വാടെയും സെഞ്ച്വറിക്ക് അരികെ പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷള് അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റണ്സെടുത്ത ആദിത്യ സര്വാടെ, ഉത്കര്ഷ് സിങ്ങിന്റെ പന്തില് റോബിന് മിന്സിന് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു.
ജാര്ഖണ്ഡിനായി ഉത്കര്ഷ് സിങ്ങും മനീഷി സിങ്ങും നാല് വിക്കറ്റ് വീതവും മുഹമ്മദ് കുനൈന് ഖുറേഷി രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവില് ജാര്ഖണ്ഡ് വിലപ്പെട്ട മൂന്ന് പോയിന്റുകള് സ്വന്തമാക്കി.
content highlights: Ranji Trophy: Kerala vs Jharkhand Match Ends in a Draw