മലയാളത്തിൻ്റെ മുഖ 'ശ്രീ'; നഷ്ടമായത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെ കൂടി

രണ്ട് സിനിമകള്‍ മാത്രമാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്, ആ സിനിമകള്‍ തന്നെ ധാരാളമാണ് ശ്രീനിയിലെ സംവിധായകന്റെ മികവ് മനസിലാക്കാനും

മലയാളത്തിൻ്റെ മുഖ 'ശ്രീ'; നഷ്ടമായത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെ കൂടി
dot image

ചിരിച്ചും ചിന്തിപ്പിച്ചും മലയാളികളെ സിനിമ കാണാന്‍ പഠിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. തിരിശീലയ്ക്ക് മുന്നില്‍ നടനവൈഭവം കൊണ്ട് അയാള്‍ കാണികളെ ത്രസിപ്പിച്ചപ്പോള്‍ പിന്നില്‍ അയാളുടെ തൂലികയില്‍ വിരിഞ്ഞ കഥകള്‍ കാണികളെ ചിന്തിപ്പിച്ചു. സിനിമയെന്നത് ആസ്വദിക്കാനുള്ള ഒന്ന് മാത്രമല്ലായെന്നും അതിനപ്പുറം സാമൂഹിക വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനുള്ള ഒരിടം കൂടിയാണെന്ന് ശ്രീനിവാസന്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെയാവാം സാമൂഹ്യ വിമര്‍ശനങ്ങള്‍ പലപ്പോഴും ശ്രീനിവാസന്‍ സിനിമകളില്‍ ദൃശ്യമായിരുന്നു.

48 വര്‍ഷത്തിലധികം നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ 200ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. തിരക്കഥയിലും അഭിനയത്തിലുമായിരുന്നു ശ്രീനിവാസന്റെ ശ്രദ്ധയെങ്കിലും സംവിധാനത്തിലും അദ്ദേഹം ഒട്ടും പിന്നില്‍ അല്ലായെന്ന് തെളിയിച്ചിരുന്നു.

രണ്ട് സിനിമകള്‍ മാത്രമാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. ആ രണ്ട് സിനിമകള്‍ തന്നെ ധാരാളമാണ് ശ്രീനിയിലെ സംവിധായകന്റെ മികവ് മനസിലാക്കാനും. 1989 ല്‍ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രം എന്ന സിനിമയിലൂടെയാണ് ശ്രീനിവാസന്‍ എന്ന സംവിധായകന്റെ അരങ്ങേറ്റം. വടക്കുനോക്കി യന്ത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. തന്നെക്കാള്‍ ഉയരവും സൗന്ദര്യവും കൂടിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഒരു ചെറുപ്പക്കാരന്റെ അപകര്‍ഷതാബോധത്തെ ഇതിവൃത്തമാക്കിയാണ് സിനിമ. 1989 മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംവിധായകനായ കന്നി സിനിമയില്‍ തന്നെ ശ്രീനി നേടിയെടുത്തു.

Sreenivasan As Director

പിന്നീട് ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1998ലാണ് ശ്രീനി വീണ്ടും സംവിധായക വേഷത്തിലെത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ശ്രീനി വീണ്ടും സംവിധായക വേഷത്തില്‍ എത്തിയപ്പോള്‍ തേടിയെത്തിയത് ദേശീയ സംസ്ഥാന അവാര്‍ഡുകളായിരുന്നു. സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സിനിമ നേടിയെടുത്തു.

ചിന്താവിഷ്ടയായ ശ്യാമളയിൽ ഉത്തരവാദിത്തതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്ന അലസനായ ഒരു അധ്യാപകനായി ശ്രീനിവാസന്‍ ക്യാമറയ്ക്ക് മുന്നില്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ അതിന്റെ സത്ത് തെല്ലുപോലും ചോരാതെ ഒപ്പിയെടുക്കുന്നുണ്ടെന്നും ശ്രീനി ഉറപ്പ് വരുത്തി. ചിത്രത്തിലെ ശ്യാമളയെന്ന സ്ത്രീപക്ഷ കഥാപാത്രത്തെ അവതരിപ്പിച്ചതിന് അന്ന് സംഗീതയ്ക്കും മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയെടുക്കാനായി.

പിന്നീട് വീണ്ടും അദ്ദേഹം സിനിമയിലെ തന്റെ പ്രിയപ്പെട്ടയിടങ്ങളായ തിരക്കഥയിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ഇന്നിതാ മലയാള സിനിമയ്ക്ക് നികത്താനാവാത്ത് വിടവ് ബാക്കിയാക്കി ശ്രീനിവാസന്‍ എന്ന സിനിമാക്കാരന്‍ പടിയിറങ്ങുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ഒരു മികച്ച അഭിനേതാവിനും തിരകഥാകൃത്തിനുമൊപ്പം ഒരു മികച്ച സംവിധായകനെ കൂടിയാണ്.

Content Highlights- Sreenivasan as director- Chinthavishtayaya shyamala, Vadakkunokiyenthram

dot image
To advertise here,contact us
dot image