'നമുക്കൊന്ന് ശ്രമിച്ചാലോ';അന്ന് സത്യൻ അന്തിക്കാട് ശ്രീനിയോട് ചോദിച്ചു,പിറന്നത് മലയാളത്തിലെ മികച്ച കൂട്ടുകെട്ട്

ശ്രീനിവാസന്റെ തിരക്കഥയില്‍ സംവിധായകന്റെ കുപ്പായമിട്ട് സത്യന്‍ അന്തിക്കാട് ഒരുക്കിയ സിനിമകളൊക്കെ തന്നെ മലയാളികള്‍ക്ക് ഇന്നും ഇഷ്ട ചിത്രമാണ്

'നമുക്കൊന്ന് ശ്രമിച്ചാലോ';അന്ന് സത്യൻ അന്തിക്കാട് ശ്രീനിയോട് ചോദിച്ചു,പിറന്നത് മലയാളത്തിലെ മികച്ച കൂട്ടുകെട്ട്
dot image

ഒരു കാലഘട്ടമത്രയും സിനിമയിലൂടെ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടിലെ ഉറ്റവനെയാണ് ശ്രീനിയുടെ വിട വാങ്ങലിലൂടെ സത്യന്‍ അന്തിക്കാടിന് നഷ്ടമായത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ എന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ സംവിധായകന്റെ കുപ്പായമിട്ട് സത്യന്‍ അന്തിക്കാട് ഒരുക്കിയ സിനിമകളെല്ലാം തന്നെ മലയാളികളുടെ പ്രിപ്പെട്ടതാണ്. 1986ല്‍ പുറത്തിറങ്ങിയ ടി പി ബാലഗോപാല്‍ എംഎ എന്ന മോഹന്‍ലാല്‍ ചിത്രമാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ആദ്യമായി ഒരുമിച്ച ചിത്രം.

sreenivasan
ശ്രീനിവാസൻ

ഈ ചിത്രത്തിന് മികച്ച കഥക്കുള്ള പുരസ്‌കാരം സത്യന്‍ അന്തിക്കാടിനും മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനും ലഭിച്ചു. പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ഒരുപാട് സിനിമകള്‍ പിന്നീടങ്ങോട്ട് ഹിറ്റടിച്ചു. ശ്രീനിവാസന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ താനുണ്ടാകില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞത്.

വിമർശനങ്ങളുണ്ടെങ്കിലും എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ചർച്ച ചെയ്യുന്ന സിനിമയായി സന്ദേശം മാറി. ഇന്നും സന്ദേശത്തിലെ പല സംഭാഷണങ്ങളും രാഷ്ട്രീയ പാർട്ടികൾ പരസ്പരം വിമർശിക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. നാടോടിക്കാറ്റിലെ സംഭാഷണങ്ങൾ ഇന്നത്തെ തലമുറകൾ പോലും ഉപയോഗിക്കുന്നത് ഈ കൂട്ടുകെട്ടിൻ്റെ വിജയമാണ്. 'എടാ ദാസാ..എന്താടാ വിജയാ...നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത്' എന്ന സിനിമാ ഡയലോഗ് ഇൻസ്റ്റാഗ്രാമിൽ പോലും ഇന്നും തരംഗമാണ്.

തലമുറകൾ കൈമാറി വന്ന ഈ സംഭാഷണങ്ങൾ കാലത്തെ അതിജീവിച്ച് എക്കാലവും നിറഞ്ഞുനിൽക്കുമെന്നതാണ് ഈ കൂട്ടുകെട്ടിൻ്റെ സിനിമകളുടെ പ്രത്യേകതയും. ജീവിതത്തോട് അങ്ങേയറ്റം അടുത്തുനിൽക്കുന്ന പരിസരങ്ങളായിരുന്നു സത്യൻ അന്തിക്കാടിൻ്റെയും ശ്രീനിവാസൻ്റെയും സിനിമകളുടെ പ്രത്യേകത. അതുതന്നെയാണ് സിനിമകളുടെ വിജയത്തിൻ്റെ മാറ്റുകൂട്ടിയതും.

തിരക്കഥയ്ക്ക് വേണ്ടി ശ്രീനിവാസനെ വിളിച്ചപ്പോള്‍ താനൊരു എഴുത്തുകാരനല്ലെന്നും ആഗ്രഹിക്കുന്നത് പോലെ തിരക്കഥ എഴുതാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. എന്നാല്‍ നമുക്കൊന്ന് ശ്രമിച്ച് നോക്കാമെന്നായിരുന്നു അന്നത്തെ സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം. ആ ഒരു ശ്രമത്തിന്റെ ഫലമാണ് ഇന്നും മലയാളികള്‍ കാണുന്ന രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍. ശ്രീനിവാസന്‍ അവസാനമായി തിരക്കഥയൊരുക്കിയ ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ സംവിധായകനും സത്യന്‍ അന്തിക്കാടെന്നതും യാദൃശ്ചികമാണ്.

Content Highlights: Sreenivasan and Sathyan Anthikad friendship in Malayalam Cinema

dot image
To advertise here,contact us
dot image