

ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകാന്‍ പോവുകയാണെന്ന നിലയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പല ഓണ്‍ലൈന്‍ പേജുകളും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയും സമൂഹമാധ്യമങ്ങളില്‍ അഭിഷേകിനെയും ഐശ്വര്യയെയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള കമന്റുകള്‍ നിറയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. വന്ന വാര്‍ത്തകളെല്ലാം തികഞ്ഞ അസംബന്ധങ്ങളാണെന്ന് അഭിഷേക് പറയുന്നു. സെലിബ്രിറ്റികളെ കുറിച്ച് കഥകള്‍ മെനയുന്നവര്‍ ഏറെയാണ്. അതില്‍ ഒരു വാസ്തവവും ഉണ്ടാകില്ല. തങ്ങളെ കുറിച്ച് പറയുന്നതും തരിമ്പും സത്യമില്ലാത്ത കെട്ടുകഥകളാണെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.
'ആദ്യം അവര്‍ ഞങ്ങള്‍ എന്നാകും വിവാഹം കഴിക്കുക എന്നായിരുന്നു തീരുമാനിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോള്‍ പിന്നെ ഞങ്ങള്‍ എന്നാകും പിരിയുക എന്നായി. എല്ലാം വെറും അസംബന്ധങ്ങളാണ്. ഐശ്വര്യക്ക് എന്നെ അറിയാം, അവളെ എനിക്കും. ഞങ്ങള്‍ നല്ല സന്തോഷത്തിലും ആരോഗ്യത്തിലും ജീവിക്കുന്ന കുടുംബമാണ്. അതാണ് ഏറ്റവും പ്രധാനം.

ഈ വരുന്ന അഭ്യൂഹങ്ങളിലും റിപ്പോര്‍ട്ടുകളിലുമൊന്നും ഒരു സത്യവുമില്ല. അതുകൊണ്ട് അതൊന്നും എന്നെ ബാധിക്കാറും ഇല്ല,' അഭിഷേക് ബച്ചന്‍ പറഞ്ഞു. പീപ്പിങ് മൂണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് മനസ് തുറന്ന് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
മാധ്യമങ്ങളെയും വാര്‍ത്താ സ്രോതസുകളെയും വലിയ ബഹുമാനത്തോടെയാണ് താന്‍ കണ്ടിരുന്നതെന്നും എന്നാല്‍ ഒരു മനുഷ്യനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അവരും ഓര്‍ക്കേണ്ടതുണ്ടെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. തന്റെ കുടുംബത്തെ കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അതിന് ശക്തമായി തന്നെ മറുപടി നല്‍കുമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
എല്ലാ അഭ്യൂഹങ്ങളോടും പ്രതികരിക്കുകയോ അവയിലെല്ലാം വിശദീകരണം നല്‍കുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 'അത്രയും ആവശ്യമാണെന്ന് തോന്നിയാലേ ഞാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ വിശദീകരണം നല്‍കാറുള്ളു. ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ വിശദീകരണം നല്‍കേണ്ടതുള്ളു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് അതിനോടെല്ലാം ഞാന്‍ പ്രതികരിക്കേണ്ടതില്ലല്ലോ,' അഭിഷേക് ബച്ചന്‍ പറഞ്ഞു.
Content Highlights : Abhishek Bachchan Finally Reacts To Divorce Rumours With Aishwarya Rai Bachchan, Here’s What He Said