

ഉദ്ഘാടന പരിപാടികൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും ആ വൈബ് താൻ ആസ്വദിക്കുന്നുണ്ടെന്നും പറയുകയാണ് നടി ഹണി റോസ്. ഇപ്പോഴുള്ളതിനേക്കാൾ മുൻപായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നതെന്നും തന്നെ സംബന്ധിച്ച് ആളുകൾ കാണാൻ എത്തുന്നതും സംസാരിക്കുന്നത് അനുഗ്രമായാണ് കരുതുന്നതെന്നും നടി പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ബോബി ചെമ്മണൂർ വിവാദത്തിനും തുടർസംഭവങ്ങൾക്കും ശേഷം ഉദ്ഘാടന പരിപാടികളിൽ അത്ര സജീവമല്ല ഹണി റോസ്.
'ഉദ്ഘാടനം ഞാൻ ഇപ്പോൾ പെട്ടന്ന് ചെയുന്ന ഒരു കാര്യമല്ല. അത് ഞാൻ വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇനിയും ചെയ്യും, ആ വൈബ് എനിക്ക് വളരെ ഇഷ്ടമാണ്. 2005 ൽ ഞാൻ സിനിമയിൽ വരുന്നത് മുതൽ ഉദ്ഘാടനങ്ങൾ ചെയ്യാറുണ്ട്. ഉദ്ഘാടനം കോവിഡിന് ശേഷമാണ് സോഷ്യൽ മീഡിയ യൂട്യൂബ് ചാനലുകൾ ഏറ്റെടുത്ത് തുടങ്ങിയത്. ആ സമയത്താണ് എനിക്ക് ഈ പേരൊക്കെ വരുന്നത്. ഏറ്റവും കൂടുതൽ ഉദ്ഘാടനം ചെയ്തിരിക്കുന്നത് ഇതിന് മുൻപാണ്. ട്രിവാൻഡ്രം ലോഡ്ജ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളുടെ സമയത്താണ് ഏറ്റവും കൂടുതൽ ചെയ്തിരിക്കുന്നത്.

അത് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്യാൻ കാര്യമാണ്, എൻജോയ് ചെയ്യുന്നുണ്ട്. എനിക്ക് ആ വൈബ് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലും ഫോണിലും ഉള്ള ലോകത്തിന് അപ്പുറത്തേക്ക് ആളുകൾക്ക് അരികിലേക്ക് ചെല്ലുമ്പോൾ അവരുടെ സ്നേഹവും അംഗീകാരവും മനസിലാക്കാൻ പറ്റും. ഒരു ചെറിയ കാര്യമല്ല അത്. പല പ്രായത്തിലുള്ളവരാണ് നമ്മളെ കാണാൻ വന്നു നില്കുന്നത് അതിൽ അമ്മമാരും അച്ഛന്മാരും എല്ലാവരും ഉണ്ടാകും, അത് ഒരു സന്തോഷമാണ്. എന്നെ സംബന്ധിച്ച് ഞാൻ അതൊരു അനുഗ്രമായാണ് കാണുന്നത്. ഞാൻ ഇനിയും ഉദ്ഘാടനം ചെയ്യും, എനിക്ക് അത് വളരെ ഇഷ്ടമാണ്,' ഹണി റോസ് പറഞ്ഞു.
ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും നടത്തി എന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് നേരെ നടി കേസ് നൽകിയത് വലിയ വാർത്തയായിരുന്നു. താരത്തെ കാണാൻ പുരുഷന്മാർ മാത്രമാണ് എത്തുന്നത് എന്നതായിരുന്നു പ്രധാന ആക്ഷേപം. പരാതി ഉന്നയിച്ചതുകൊണ്ട്, ഇനി ആരും താരത്തെ ഉദ്ഘാടനങ്ങൾക്കു വിളിക്കില്ലെന്നും താരത്തെ കാണാൻ ആരും വരില്ലെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ നടിയ്ക്ക് ഇപ്പോഴും ആരാധകർ കുറവല്ല.
Content Highlights: Honey Rose says she will inaugurate more