

കൊച്ചി: നാട്ടില്‍ മുഴുവന്‍ 20കാരായ സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തനായ ഒരാളുണ്ട് പെരുമ്പാവൂരില്‍. യുവത്വത്തിന്റെ ചോരത്തിളപ്പ് കാണിക്കാന്‍ യുവാക്കള്‍ കളത്തിലിറങ്ങുമ്പോള്‍ വാര്‍ധക്യത്തിന്റെ ചുറുചുറുക്ക് തെളിയിക്കാനാണ് 90-കാരനായ നാരായണന്‍ നായര്‍ ഒരുങ്ങുന്നത്. പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് നാരായണന്‍ നായര്‍. വോട്ട് ചോദിക്കുമ്പോള്‍ വലിയ വാഗ്ദാനങ്ങളോ വാക്കുകളോ അദ്ദേഹത്തിന് പറയാനില്ല. 'സ്ഥാനാര്‍ത്ഥിയാണ്, ജസ്റ്റ് 90' എന്ന് മാത്രം.
'എല്ലാവരും എന്നെ വയസന്‍ എന്നാണ് വിളിക്കുന്നത്. ഈ പ്രായത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മഹാഅപരാധം എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം. എനിക്ക് വോട്ടര്‍മാരോട് ഒരു കാര്യമാണ് പറയാനുള്ളത്. ഏറ്റവും പ്രായം കൂടിയ ആളായിട്ടല്ല, ഏറ്റവും വോട്ട് നേടിയ ആളായിട്ട് എന്നെ കണക്കാക്കാന്‍ പറ്റണം.' നാരായണന്‍ നായര്‍ പറഞ്ഞു.
'ഇത് എന്റെ വാര്‍ഡാണ്. ഇവിടുത്തെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് തീര്‍ക്കുകയും വേണമെന്നാണ് ഞാന്‍ കരുതുന്നത്. വയസായവര്‍ വീട്ടില്‍ ഒതുങ്ങി കൂടേണ്ടവരാണെന്ന ചിന്തയും മാറണം.' നാരായണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ ഹെല്‍ത്ത് ഓഫീസറായി വിരമിച്ച ആളാണ് നാരായണന്‍ നായര്‍. കെറ്റില്‍ ചിഹ്നത്തിലാണ് നാരായണന്‍ നായര്‍ ജനവിധി തേടുന്നത്. പ്രചാരണത്തിനായി ഫ്‌ളക്‌സോ പോസ്റ്ററോ അടിച്ച് പരിസ്ഥിതി മലിനീകരണത്തിന് മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
Content Highlight; 90-year-old Narayanan Nair contests in local body election