

ഇന്ത്യ ഉയർത്തിയ റൺ മല കീഴടക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 358 എന്ന വലിയ ടോട്ടൽ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
ഏയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ഡെവാൾഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്സ്കി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ടെമ്പ ബാവുമ 48 പന്തിൽ 46 റൺസ് നേടിയും മികച്ച സംഭാവന നൽകി.
98 പന്തിൽ നാല് സിക്‌സറും പത്ത് ഫോറുകളും അടക്കം 110 റൺസാണ് മാർക്രം നേടിയത്. ബ്രെവിസ് 34 പന്തിൽ അഞ്ചുസിക്സറുകളും ഒരു ഫോറുകളും അടക്കം 54 റൺസ് നേടി. ബ്രീറ്റ്സ്കി 64 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 68 റൺസ് നേടി. കോർബിൻ ബോഷ് 29 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിങ്ങും പ്രസിദ് കൃഷ്‍ണയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവിൽ കത്തികയറിയ കെ എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലി 93 പന്തിൽ 102 റൺസ് നേടി. ഏഴ് ഫോറുകളും രണ്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
റുതുരാജ് ഗെയ്ക്‌വാദ് 83 പന്തിൽ 105 റൺസ് നേടി. 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. കെ എൽ രാഹുൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. 43 പന്തിൽ 66 റൺസാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ 27 പന്തിൽ 24 റൺസ് നേടി.
രോഹിത് ശർമ 14 റൺസും യശ്വസ ജയ്‌സ്വാൾ 22 റൺസും നേടിയപ്പോൾ വാഷിംഗ്‌ടൺ സുന്ദർ ഒരു റൺസ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൺ രണ്ട് വിക്കറ്റും നേടി.
മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1 -1 സമനിയിലെത്തി. ആദ്യ മത്സരം ഇന്ത്യ 17 റൺസിന് ജയിച്ചിരുന്നു. ഡിസംബർ ആറിന് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
Content Highlights; south africa beat india in second odi