ഹണിയുടെ നാടൻ ആക്ഷൻ പടം; 'റേച്ചൽ' ക്രിസ്മസിന് മുൻപ് എത്തും, പുതിയ റിലീസ് തീയതി പുറത്ത്

'കണ്ണിൽ മാരിവില്ലിൻ ചെണ്ട്…' എന്ന 'റേച്ചലി'ലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു

ഹണിയുടെ നാടൻ ആക്ഷൻ പടം; 'റേച്ചൽ' ക്രിസ്മസിന് മുൻപ് എത്തും, പുതിയ റിലീസ് തീയതി പുറത്ത്
dot image

ഒരു പക്കാ നാടൻ ലുക്കിൽ ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചലിന്റെ റിലീസ് തീയതിയിൽ മാറ്റം. ക്രിസ്മസിന് മുൻപ് എന്തായാലും ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ ആറിന് റിലീസ് ചെയ്യാനിരുന്ന ചിത്രം 12ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

'കണ്ണിൽ മാരിവില്ലിൻ ചെണ്ട്…' എന്ന 'റേച്ചലി'ലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. രാഹുൽ മണപ്പാട്ടിന്‍റെ പ്രണയച്ചൂരുള്ള വരികള്‍ക്ക് വ്യത്യസ്തമായതും ആകർഷകവുമായ ഈണം നൽകിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അഹി അജയനും ജീവൻ പത്മകുമാറും ചേർന്നാണ് വരികളുടെ ആത്മാവറിഞ്ഞുകൊണ്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ചിത്രമാകും 'റേച്ചൽ' എന്ന് ട്രെയിലർ ഇതിനകം സൂചന നൽകിയിട്ടുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

Content Highlights: Honey Rose Starrer action movie Rachael new Release date out

dot image
To advertise here,contact us
dot image