

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൊഴിയെടുത്ത് പൊലീസ്. സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം ആനന്ദ് പറഞ്ഞില്ലെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന മൊഴി. സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ആനന്ദ് കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു. മത്സരിക്കണമെന്ന ആഗ്രഹം ആനന്ദ് അന്ന് പറഞ്ഞില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൊഴി നല്‍കി.
ആനന്ദിന്റെ പിതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആനന്ദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നതായാണ് പിതാവ് നല്‍കിയിരിക്കുന്ന മൊഴി. ആനന്ദിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തൃക്കണ്ണാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിനോദ് കുമാറിന്റെ മൊഴി പിന്നീട് രേഖപ്പെടുത്തും.
ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിനായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ആനന്ദ്. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരത്ത് നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെയായിരുന്നു ബിജെപി പ്രഖ്യാപിച്ചതെന്നും ആനന്ദ് പറഞ്ഞിരുന്നു. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഈ നേതാക്കള്‍ മണല്‍ മാഫിയക്കാരാണെന്നും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തില്‍ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് വിനോദ് കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും ആനന്ദ് കുറ്റപ്പെടുത്തിയിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്‍പര്യം താന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും ആനന്ദ് പറഞ്ഞിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ തനിക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് വലിയ രീതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും തന്നില്‍ നിന്ന് അകന്നു. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെന്നും ആനന്ദ് പറഞ്ഞിരുന്നു.
Content Highlights- Police takes statement of rss workers over death of anand k thambi