

നെപ്പോ കിഡായത് കൊണ്ട് അഡ്വാന്‍ഡേജ് ആണ് ഉണ്ടായതെന്ന് ദുൽഖർ സൽമാൻ. തനിക്ക് ആ പ്രിവിലേജുകൾ ഉള്ളത് കൊണ്ട് തന്നെ അതില്ലാത്ത പുതുമുഖ സംവിദ്യകർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ശ്രമിക്കാറുണ്ടെന്നും ദുൽഖർ പറഞ്ഞു. നെപ്പോ കിഡായത് കൊണ്ട് അഡ്വാന്‍ഡേജുകൾ മാത്രമല്ല പ്രശ്നങ്ങളും ഉണെന്നും നടൻ കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ പ്രതികരണം.
'ഒരുപാട് ആളുകള്‍ സ്വപ്‌നം കാണുന്ന ഇന്റസ്ട്രിയാണ് സിനിമ, നമുക്ക് അത് എളുപ്പത്തില്‍ ലഭിക്കുന്നു എന്ന അഡ്വാന്‍ഡേജ് ഉണ്ടാവുമ്പോള്‍ നൂറ് ശതമാനം അതിനോട് നീതി പുലര്‍ത്തണം. എനിക്ക് ആ പ്രിവിലേജ് കിട്ടിയതുകൊണ്ട് തന്നെ ഞാന്‍ കൂടുതലും, അത്തരം പ്രിവിലേജുകളില്ലാത്ത പുതുമുഖ സംവിധായകരെ കണ്‍സിഡര്‍ ചെയ്യാറുണ്ട്. അത് അവിടെ ബാലന്‍സ് ആവും എന്ന് കരുതുന്നു.
ഒരു നെപ്പോ കിഡ് ആയതുകൊണ്ട് വേറെ ചില ഡിസ് അഡ്വാന്‍ഡേജുകളും ഞങ്ങള്‍ക്കുണ്ട്. അതൊരു പ്രഷര്‍ കൂടെയാണ്. ഒരു മോശം സിനിമ ഒരു അഭിനേതാവ് തിരഞ്ഞെടുത്താല്‍ അവര്‍ക്ക് എന്തെങ്കിലും ഒരു റീസണ്‍ പറയാനുണ്ടാവും, ആ സമയത്ത് ഫിനാന്‍ഷ്യലി അല്പം ടൈറ്റായിരുന്നു, അതുകൊണ്ട് എടുത്തു എന്ന്. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെ പറയാൻ പറ്റില്ല, ഒരു തെറ്റായ സിനിമ തിരഞ്ഞെടുത്താല്‍ അത് പൂര്‍ണമായും ഞങ്ങളുടെ പാകപ്പിഴ തന്നെയാണ്. അതുകൊണ്ട് നല്ല തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നതാണ് സിനിമയോടു കാണിക്കുന്ന ബഹുമാനവും സ്‌നേഹവും ഉത്തരവാദിത്വവും,' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
അതേസമയം, സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കാന്ത എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഇനി തിയേറ്ററുകളിലേക്ക് എത്തുന്നത്. നവംബർ 14 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.
Content Highlights: Dulquer Salmaan says he got an advantage because he was a nepo kid