

താൻ കാരണം ശ്രീദേവി ഡാൻസ് പ്രാക്ടിസിനിടെ തെന്നി വീണുവെന്ന് നടൻ ഫർഹാൻ അക്തർ. യാഷ് ചോപ്രയുടെ 'ലംഹേ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഈ സംഭവം ഉണ്ടായതെന്നും അതോടെ തന്റെ കരിയർ അവസാനിച്ചുവെന്ന് ഓർത്തെന്നും നടൻ പറഞ്ഞു. തനിക്ക് 17 വയസ്സുള്ളപ്പോൾ നടന്ന സംഭവം ഫർഹാൻ അക്തർ ഓർത്തെടുത്ത് പറയുകയാണ്. ആപ് കി അദാലത്ത് എന്ന ഷോയിലാണ് ഫർഹാൻ ഇക്കാര്യം പറഞ്ഞത്.
'യാഷ് ചോപ്രയുടെ സിനിമയുടെ സെറ്റിലാണ് സംഭവം, 'ലംഹേ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മൻമോഹൻ സിങ്ങിന്റെ സഹായിയായി ഞാൻ ജോലി ചെയ്യുകയായിരുന്നു, മാൻ ജിയുടെ ഏഴാമത്തെയോ എട്ടാമത്തെയോ സഹായിയായിരുന്നു ഞാൻ. സരോജ് ജി നൃത്തസംവിധാനം ചെയ്ത ഒരു വികാരഭരിതമായ നൃത്തരംഗമായിരുന്നു അത്. ശ്രീദേവി ഡാൻസ് റിഹേഴ്‌സൽ ചെയ്യുന്നതിനിടയിൽ ഫ്ലോറിലെ തടിയിൽ എന്തോ കറ പിടിച്ചിരിപ്പുണ്ട് അത് വൃത്തിയാക്കാൻ എന്നോട് പറഞ്ഞു. ഞാൻ ഓടി ചെന്ന് അത് തുടക്കാൻ പോയപ്പോൾ ശ്രീദേവി ആ സ്ഥലത്തേക്ക് ഡാൻസ് ചെയ്ത് വന്നു. ഉടനെ തന്നെ ആ കറയിൽ കാലു തെന്നി വീണു. ശ്രീദേവി വായുവിൽ പറന്ന് തറയിൽ ഇടിച്ച വീഴുന്ന സ്ലോ മോഷൻ രംഗം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. സെറ്റ് മുഴുവൻ നിശ്ചലമായി, ഞാൻ കരുതി, ഇതാ, എന്റെ കരിയർ ഇവിടെ അവസാനിച്ചു, ഫർഹാൻ പറഞ്ഞു.
സംഭവം നടന്നപ്പോൾ ഫർഹാൻ അക്തർ പേടിച്ചു വിറച്ചിരിക്കുവായിരുന്നു. പക്ഷേ ശ്രീദേവി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു 'കുഴപ്പമില്ല, അതൊക്കെ അങ്ങനെ ഉണ്ടാകും പേടിക്കണ്ട' എന്ന് കേട്ടതോടെ ഫർഹാന്റെ ശ്വാസം നേരെ വീണു. താൻ എപ്പോഴും ശ്രീദേവിയോട് നന്ദിയുള്ളവൻ ആയിരിക്കുമെന്നും തന്റെ കരിയറിന്റെ വിജയത്തിൽ ശ്രീദേവിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sridevi once fell on the floor because of farhan akhtar actor recalls the situation