

വ്യാജ അക്കൗണ്ട് നിര്‍മിച്ച് തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് നടി അനുപമ പരമേശ്വരന്. തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളും വിദ്വേഷവുമൊക്കെ തന്റെ സുഹൃത്തുക്കളേയും സഹതാരങ്ങളേയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്യുന്നതെന്നും അനുപമ. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ടിന് പിന്നിലെ ആളെ കണ്ടെത്തി. അതൊരു 20 കാരിയായിരുന്നുവെന്നും അനുപമ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.
'കുറച്ച് ദിവസങ്ങള്‍ മുമ്പ്, എന്നേയും എന്റെ കുടുംബത്തേയും കുറിച്ച് അങ്ങേയറ്റം അനുചിതവും വ്യാജവുമായ കാര്യങ്ങള്‍ ഒരു ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുന്നതും എന്റെ സുഹൃത്തുക്കളേയും സഹ താരങ്ങളേയും ടാഗ് ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉള്‍പ്പെടും. ഓണ്‍ലൈനിലൂടെ ലക്ഷ്യം വച്ച് ഇതുപോലെ ഉപദ്രവിക്കുന്നത് കണ്ടത് കടുത്ത വിഷമമുണ്ടാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ വ്യക്തി വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും, ഞാനുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളിലും കമന്റ് ചെയ്യുന്നതായും മോശം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതായും മനസിലായി'.
'ഇതേക്കുറിച്ച് അറിഞ്ഞതും ഉടനെ തന്നെ കേരള സൈബര്‍ ക്രൈം പൊലീസില്‍ പരാതിപ്പെട്ടു. അവരുടെ നടപടി വേഗത്തിലും ഫലപ്രദവുമായിരന്നു. അവരുടെ സഹായത്തോടെ ഈ പ്രവര്‍ത്തികള്‍ക്ക് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് ചെന്നൈയില്‍ നിന്നുള്ള ഒരു ഇരുപതുകാരിയായിരുന്നു. അവള് ചെറുപ്പമാണെന്നത് പരിഗണിച്ചാണ് ഞാന്‍ അവളുടെ ഐഡന്റിറ്റി പുറത്ത് വിടാതിരിക്കുന്നത്. അവളുടെ ഭാവിയും മാനസിക സമാധാനവും തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'.
'ഒരു കാര്യം വ്യക്തമാക്കാനാണ് ഈ സംഭവം പങ്കുവെക്കുന്നത്. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും മറ്റുള്ളവരെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കുന്നില്ല. ഓണ്‍ലൈനിലെ ഓരോ പ്രവര്‍ത്തിയുടേയും തെളിവുകള്‍ അവശേഷിക്കപ്പെടും. മറുപടി പറയേണ്ടി വരും. ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടും. ഒരു അഭിനേതാവോ പബ്ലിക് ഫിഗറോ ആണെന്ന് കരുതി അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. സൈബര്‍ ബുള്ളിയിങ് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ഉത്തരം പറയേണ്ടി വരും', അനുപമ കുറിച്ചു.
Content Highlights: anupama parameswaran about cyberbulliying