

യൂട്യുബിൽ വീഡിയോ ഇട്ടിട്ട് എന്ത് കാര്യമെന്ന് പണ്ട് പലരും ചോദിക്കുമായിരുന്നു. പക്ഷെ കണ്ടന്റ് ക്രിയേഷൻ ക്രിയേറ്റീവിറ്റിക്കൊപ്പം ഇന്നത് വരുമാനവും നൽകുമെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. എങ്കിലും വമ്പൻ വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സും ഉള്ളവർക്കായിരിക്കും യുട്യൂബിൽ നിന്നും പണം ലഭിക്കുക എന്നാണ് പലരും കരുതുന്നത്.
എന്നാൽ അങ്ങനെയല്ല, ചെറിയ നിലയിലുള്ള യുട്യൂബ് ചാനലുകൾക്കും വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്ന് പല കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും അനുഭവം വ്യക്തമാക്കുന്നുണ്ട്. ഡൽഹിക്കാരിയായ ഇഷാനി ശർമ എന്ന കോളേജ് വിദ്യാർത്ഥി പങ്കുവെച്ച അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

കിരോരിമാൽ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഇഷാനി ശർമ. ഈ വർഷത്തെ കോളേജ് ഫീസ് മുഴുവൻ യൂട്യൂബ് ചാനൽ വരുമാനത്തിൽ നിന്നും അടയ്ക്കാനായി എന്നാണ് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച പോസ്റ്റിൽ ഇഷാനി പറയുന്നത്. 'സർക്കാർ കോളേജ് ആയതുകൊണ്ട് വലിയ തുകയൊന്നും ഫീസിന് ആയില്ലെങ്കിലും, എന്റെ യൂട്യൂബ് വരുമാനം കൊണ്ട് അത് അടയ്ക്കാനായി എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ നേട്ടം തന്നെയാണ്,' ഇഷാനിയുടെ പോസ്റ്റിൽ പറയുന്നു. 10000ത്തിന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇഷാനി ശർമ എന്ന ചാനലിൽ 47 വീഡിയോസാണ് ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സ്‌കൂൾ കാലത്ത് പലരും ഇഷാനിയോട് സ്റ്റഡി ടിപ്‌സ് ചോദിച്ചു വരുമായിരുന്നു. എങ്ങനെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം, എളുപ്പത്തിൽ ചില വിഷയങ്ങൾ മനസിലാക്കാം എന്നിങ്ങനെയുള്ള സഹപാഠികളുടെയും മറ്റ് ചെറിയ ക്ലാസിലെ കുട്ടികളുടെയും ചോദ്യങ്ങൾക്ക് വളരെ ഭംഗിയായി ഇഷാനി മറുപടി നൽകുമായിരുന്നു. അവിടെ നിന്നാണ് ഈ ചോദ്യങ്ങൾക്കുള്ള തന്റെ മറുപടികൾ ഒരു വീഡിയോയായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്താലോ എന്ന് ഇഷാനി ആലോചിക്കുന്നത്.
'ഒരു ദിവസം മറ്റൊരു വലിയ തയ്യാറെടുപ്പും നടത്താതെ ഞാൻ ഒരു വീഡിയോ ഷൂട്ട് ചെയ്തു. 10ാം ക്ലാസുകരുടെ പ്രീ ബോർഡ് എക്‌സാം നടക്കുന്ന സമയമായിരുന്നു. എകണോമിക്‌സ് പരീക്ഷയ്ക്കായി എങ്ങനെ തയ്യാറെടുക്കണം എന്നായിരുന്നു 5 മിനിറ്റുള്ള ആ വീഡിയോയിൽ ഞാൻ പറഞ്ഞത്. എഡിറ്റ് ചെയ്തില്ല, വലിയ തംബ്‌നെയ്ൽ ചെയ്തില്ല. വെറുതെ അത് അപ്‌ലോഡ് ചെയ്തു. ആദ്യമൊന്നും ആ വീഡിയോ അധികമാളുകൾ കണ്ടില്ല. 100 വ്യൂസേ കിട്ടിയുള്ളു. പക്ഷെ പിന്നീട് ആ വീഡിയോക്ക് വ്യൂസ് വരാൻ തുടങ്ങി. നിരവധി പേരിലേക്ക് എത്തി. ചാനലിന് മോണിറ്റൈസേഷൻ ലഭിച്ചു. ഞാൻ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത് തുടർന്നു. ഇതിൽ വരുമാനം ലഭിക്കുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. പക്ഷെ അതും ലഭിച്ചു. നിങ്ങൾക്ക് വീഡിയോയോ, പോഡ്കാസ്‌റ്റോ, ബ്ലോഗോ അങ്ങനെ സോഷ്യൽ മീഡിയയിൽ ചെയ്യാൻ താൽപര്യമുള്ള എന്താണെങ്കിലും ചെയ്ത് തുടങ്ങൂ. അതിനായി ഒരു നല്ല സമയത്തിനൊന്നും കാത്തിരിക്കേണ്ട,' ഇഷാനി പറയുന്നു.

ഇപ്പോൾ പഠനത്തിന്റെ ഭാഗമായി വീഡിയോസ് ചെയ്യുന്നതിൽ ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണെങ്കിലും വൈകാതെ തന്നെ തിരിച്ചുവരുമെന്നും ഇഷാനി പറയുന്നുണ്ട്. നിരവധി പേരാണ് ഇഷാനിയെ അഭിനന്ദിച്ച് രംഗത്തുവരുന്നത്. സോഷ്യൽ മീഡിയയുടെ ശക്തി എന്താണെന്നും പുതിയ തലമുറ എങ്ങനെയാണ് അതിനെ ഗുണകരമായി ഉപയോഗിക്കുന്നത് എന്നും കണ്ട് പഠിക്കണമെന്നാണ് കമന്റുകളിൽ പറയുന്നത്.
Content Highlights: Ishani Sharma, a student content creator says how she paid her college fee from Youtube videos