

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് പാട്രിയറ്റ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഏസ്തെറ്റിക് കുഞ്ഞമ്മയുടെ ക്രിയേറ്റിവ് ഹെഡും നടനുമായ അരുൺ അജികുമാർ. മമ്മൂക്ക, ലാലേട്ടൻ സിനിമ എന്നത് തന്നെയാണ് ആ സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ് എന്ന് അരുൺ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ആ സിനിമയുടെ പണി നടന്നുകൊണ്ടിരിക്കുന്നു. ഫോട്ടോ ഷൂട്ട് ഒക്കെ നടക്കുകയാണ്. സിനിമയുടെ പോസ്റ്റർ ഉടനെ ഇറക്കണം. ആദ്യം സിനിമയുടെ ടൈറ്റിൽ ആണ് പ്രേക്ഷകർക്ക് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് തോന്നി, വളരെ പവർഫുൾ ടൈറ്റിൽ ആണത്. ആ സിനിമയ്ക്ക് എല്ലാ അഭിനേതാക്കളെയും കാണിക്കുക പോലും വേണ്ട. മമ്മൂക്ക ലാലേട്ടൻ പടം എന്ന് പറയുമ്പോൾ തന്നെ ഹൈപ്പാണ്. ഇനിയൊരു പോസ്റ്റർ ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു', അരുൺ അജികുമാറിന്റെ വാക്കുകൾ.
മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്.
സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
Content Highlights: Arun ajikumar about patriot movie