മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്

മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
dot image

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയുടേതായിരുന്നു അവാർഡ് നിർണയം.

നടൻ ടൊവിനോ തോമസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.  എആർഎമ്മിലെ അഭിനയത്തിനായിരുന്നു പ്രത്യേക ജൂറി പുരസ്കാരം. കിഷ്‌കിന്ധ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയും ബോഗെൻവില്ലെയിലെ അഭിനയത്തിന് ജ്യോതിര്‍മയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഷൈജു ഖാലിദിനാണ് മികച്ച ഛായാഗ്രഹകനുളള പുരസ്കാരം ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്സിനാണ് പുരസ്കാരം.

പാരഡൈസിന്റെ തിരക്കഥാകൃത്ത് പ്രസന്ന വിതാനഗെയ്ക്കാണ് മികച്ച കഥാകൃത്തിനുളള പുരസ്കാരം ലഭിച്ചത്. നടന്ന സംഭവം എന്ന സിനിമയിലെ അഭിനയത്തിന് ലിജോ മോൾ ജോസ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിലെ അഭിനയത്തിന് സൌബിൻ ഷാഹിറും ഭ്രമയുഗത്തിലെ അഭിനയത്തിന് സിദ്ധാർത്ഥ് ഭരതനും മികച്ച സ്വഭാവ നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം (ബോഗെൻവില്ല) ലിജോ ജോസിനും അമൽ നീരദിനും ലഭിച്ചു. മികച്ച തിരക്കഥാകൃത്ത് പുരസ്കാരം (മഞ്ഞുമ്മൽ ബോയ്സ്) ചിദംബരം നേടി.

മികച്ച സംഗീത സംവിധായകനുളള പുരസ്കാരം സുഷിൻ ശ്യാം നേടി. മറവികളേ പറയൂ, ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി എന്നീ ഗാനങ്ങളുടെ സംഗീത സംവിധാനത്തിനാണ് അവാർഡ്. മികച്ച ഗാനരചയിതാവിനുളള പുരസ്കാരം റാപ്പർ വേടന് ലഭിച്ചു. മികച്ച പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം), മികച്ച പിന്നണി ഗായിക സെബ ടോമി, മികച്ച പിന്നണി ഗായകൻ കെ എസ് ഹരിശങ്കർ, മികച്ച ചിത്രസംയോജകൻ സൂരജ് എ എസ് (കിഷ്കിന്ധാ കാണ്ഡം), മികച്ച കലാസംവിധായകൻ അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്), മികച്ച ശബ്ദമിശ്രണം ഷിജിൻ മെൽവിൽ ഹട്ടൻ (മഞ്ഞുമ്മൽ ബോയ്സ്), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ (ബോഗെൻവില്ല, ഭ്രമയുഗം), മികച്ച വസ്ത്രാലങ്കാരം സമീറ (രേഖാചിത്രം, ബോഗെൻവില്ല), മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് സയനോര (ബറോസ്), ജനപ്രിയ ചിത്രം പ്രേമലു, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), സ്ത്രീ-ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കുളള അവാർഡ് പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം) എന്നിങ്ങനെയാണ് പുരസ്കാരത്തിന് അർഹരായ മറ്റുളളവർ.

Content Highlights: Best Actor Mammootty, Actress Shamla Hamza: kerala State Film Awards 2025 announced

dot image
To advertise here,contact us
dot image