
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ് എം ജയചന്ദ്രൻ. നിരവധി ഹിറ്റ് ഗാനങ്ങൾ എം ജയചന്ദ്രൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് ആസ്വദിക്കാൻ നിരവധി ഗാനങ്ങൾ സമ്മനിച്ച ഗിരീഷ് പുത്തൻഞ്ചേരിയുമായുള്ള ഓർമ്മകൾ പങ്കിടുകയാണ് എം ജയചന്ദ്രൻ. ഗിരീഷ് പുത്തൻഞ്ചേരി തനിക്ക് ഏട്ടനെപോലെ ആയിരുന്നുവെന്നും തങ്ങൾക്കിടയിൽ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നതെയും എം ജയചന്ദ്രൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഗിരീഷേട്ടനുമായിട്ട് ഒരു നിമിഷം ഭയങ്കര സ്നേഹമായിരിക്കും. ഒരു നിമിഷം കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ഇറങ്ങി പോടാ എന്ന് പറയും. അങ്ങനെയുള്ള ബന്ധമാണ്. ഗിരീഷേട്ടനെ ഞാൻ എന്റെ ചേട്ടനെപ്പോലെ കാണുന്നുമുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് എനിക്ക് എന്തും പറയാനായിട്ടുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിപ്പോൾ റഫീഖ് അഹമ്മദാണെങ്കിലും ഹരിനാരായണൻ, സന്തോഷ് വർമ, വിനായക് ശശികുമാർ, രാജീവ് ആലുങ്കൽ, അതുപോലെ കൈതപ്രം സാർ ആണെങ്കിലും ബഹുമാനമെല്ലാം അവിടെയുണ്ട്, പക്ഷേ വർക്ക് ചെയ്യുന്ന സമയത്ത് നമ്മൾ ഒരുപോലെയാണ്. ഒരുപോലെ നമുക്ക് ചെയ്യാൻ പറ്റണം. അതുണ്ടെങ്കിൽ മാത്രമേ പാട്ട് നന്നാവുകയുള്ളൂ.
ഞാൻ ഗിരീഷ് ഏട്ടനോട് ഇതല്ല എനിക്ക് വേണ്ടത് എന്ന പറയും, ഇടയ്ക്ക് ഡമ്മി ലിറിക്‌സ് പാടി കൊടുക്കും അപ്പോൾ പറയും നീ ആരാ ഗിരീഷ് കുട്ടഞ്ചേരിയോ എന്ന് ചോദിക്കും. എന്നിട്ട് പറയും നീ എഴുതിക്കോ ഞാൻ എന്തിനാ എന്നൊക്കെ ചോദിച്ച് ഇറങ്ങി പോകും, അല്ലെങ്കിൽ ഇറങ്ങി പോടാ എന്ന് പറയും. പിന്നെ കുറച്ച് നേരം കഴിഞ്ഞു വന്നു പറയും, മുത്തേ ഞാൻ നിന്റെ ചേട്ടൻ അല്ലേ ഇത് വെച്ചോ എന്ന് പറഞ്ഞു കൊണ്ട് പാട്ട് തരും. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെ ഒരുപാട് ഏടുകൾ ഉണ്ട് ഞങ്ങൾക്കിടയിൽ,' ജയചന്ദ്രൻ പറഞ്ഞു.
Content Highlights: m Jayachandran shares memories of Gireesh Puthenchery