പ്രൈവറ്റിന് പ്രദർശനാനുമതി നൽകില്ലെന്ന കടുത്ത നിലപാടിലായിരുന്നു ആദ്യം സെൻസർ ബോർഡ്; സംവിധായകൻ ദീപക്

"സിനിമകളിലൂടെ ആരും രാഷ്ട്രീയം പറയുകയോ വിമർശിക്കുകയോ ചെയ്യരുത് എന്നാണ് അവരുടെ അജണ്ട"

പ്രൈവറ്റിന് പ്രദർശനാനുമതി നൽകില്ലെന്ന കടുത്ത നിലപാടിലായിരുന്നു ആദ്യം സെൻസർ ബോർഡ്; സംവിധായകൻ ദീപക്
dot image

ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷങ്ങളിലെത്തിയ പ്രൈവറ്റ് എന്ന ചിത്രത്തിനെതിരെ സെൻസർ ബോർഡിന്റെ ഭാഗത്തും നിന്നുമുണ്ടായ നടപടികളെ കുറിച്ച് വിശദീകരിച്ച് സംവിധായകൻ ദീപക് ഡിയോൺ. ചിത്രത്തിന് പ്രദർശനാനുമതി നൽകാനാകില്ലെന്ന കടുത്ത നിലപാടിലായിരുന്നു ആദ്യം സെൻസർ ബോർഡ് എന്ന് റിപ്പോർട്ടിന് നൽകിയ പ്രതികരണത്തിൽ ദീപക് വെളിപ്പെടുത്തി.

'തുടർച്ചയായി സിനിമകൾ സെൻസറിങ് നേരിടുകയാണ്. ഇതേ കുറിച്ച് നമ്മൾ ഇപ്പോഴെങ്കിലും ചർച്ച ചെയ്‌തേ മതിയാകൂ. പ്രൈവറ്റ് എന്ന സിനിമ രാജ്യവിരുദ്ധമാണെന്നും അതുകൊണ്ട് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നുമായിരുന്നു ആദ്യം സെൻസർ ബോർഡിന്റെ തീരുമാനം. ഏതെങ്കിലും ഭാഗം മ്യൂട്ടോ എഡിറ്റോ ചെയ്താൽ പ്രദർശനാനുമതി നൽകാമോ എന്ന് പ്രൊഡ്യൂസർ ചോദിച്ചപ്പോഴും സാധിക്കില്ല എന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്.

സിനിമ അടിമുടി രാജ്യവിരുദ്ധമാണെന്നും തീവ്ര ഇടത് ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നും അവർ ആവർത്തിക്കുകയായിരുന്നു. സിനിമയിൽ ഇടത് ആശയമുണ്ട്. പക്ഷെ ഇതിൽ തീവ്രമായി എന്താണ് ഉള്ളതെന്ന് മനസിലാകുന്നില്ല. ഇങ്ങനെ പ്രദർശനാനുമതി നൽകാനാകില്ലെന്ന് പറഞ്ഞതോടെയാണ് ഞങ്ങൾ മുംബൈയിലേക്ക് പോയി റിവൈസിങ് കമ്മിറ്റിയെ സമീപിക്കുന്നത്. അവരും സിനിമയ്ക്ക് പ്രദർശനാനുമതി നൽകാനാകില്ലെന്ന നിലപാടിലായിരുന്നു ആദ്യം. പിന്നീട് ഔദാര്യമെന്ന പോലെയാണ് മാറ്റങ്ങൾ വരുത്തിയാൽ സർട്ടിഫിക്കറ്റ് തരാമെന്ന് പറയുന്നത്, അതും എ സർട്ടിഫിക്കറ്റ്.

വയലൻസോ ന്യൂഡിറ്റിയോ ഇല്ലാത്ത ചിത്രത്തിൽ എന്തിനാണ് എ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഞങ്ങൾ ചോദിച്ചു. ഞങ്ങൾ അവരോട് ഏറെ നേരം വാദിച്ച ശേഷമാണ് എ/യു 16 പ്ലസ് സർട്ടിഫിക്കറ്റിലേക്ക് കാര്യങ്ങൾ എത്തിയത്. അപ്പോഴും ഒരുപാട് കാര്യങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് പിന്നീട് ഇപ്പോൾ കാണുന്ന തിരുത്തലുകളിലേക്ക് കുറച്ച് കൊണ്ടുവരികയായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ രാജ്യത്ത് നടക്കുന്ന പല വിഷയങ്ങളെയും പ്രതിപാദിക്കുന്നു എന്നതാണ് അവരെ ചൊടിപ്പിച്ച കാര്യം. സിനിമകളിലൂടെ ആരും രാഷ്ട്രീയം പറയുകയോ വിമർശിക്കുകയോ ചെയ്യരുത് എന്നാകും അവരുടെ അജണ്ട. സിനിമ എന്തെങ്കിലും ചെയ്തുകൂട്ടുന്ന എന്റർടെയ്ൻമെന്റ് സ്‌പേസ് മാത്രമായി നിൽക്കട്ടെ എന്ന തീരുമാനത്തിലേക്ക് അവർ എത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്,' ദീപക് ഡിയോൺ പറയുന്നു.

സെൻസർ ബോർഡ് നടപടിക്കെതിരെ കോടതിയിൽ പോകാൻ കഴിയുന്ന സാഹചര്യത്തിലല്ലായിരുന്നു തങ്ങളെന്നും എന്നാൽ എല്ലാവരും ആ നയം സ്വീകരിച്ചാൽ സെൻസർ ബോർഡ് നടപടികൾ എവിടെ വരെ നീളുമെന്ന കാര്യത്തിൽ ഭയമുണ്ടെന്നും ദീപക് കൂട്ടിച്ചേർത്തു.

സി ഫാക്ടർ ദ എന്റർടെയ്ൻമെന്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമിച്ച പ്രൈവറ്റ് ഓഗസ്റ്റ് 1 ന് ആയിരുന്നു ആദ്യം റിലീസിന് പദ്ധതിയിട്ടിരുന്നത്. സെൻസർ ബോർഡിൻറെ കടുംപിടിത്തം കാരണമാണ് സിനിമയുടെ റിലീസ് വൈകിയത്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയതടക്കം 9 തിരുത്തുകളോടെയാണ് ചിത്രം ഇപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച 'RNS' മാസ്‌ക് ചെയ്യാനും സെൻസർ ബോർഡ് നിർദേശിച്ചു. ഒരു കഥാപാത്രം പുസ്തകം എഴുതിയതിനെ കുറിച്ച് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്തു. അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എൻഡ് കാർഡിൽ ഉണ്ടായിരുന്നു. ഇതും ഒഴിവാക്കേണ്ടി വന്നു.

Content Highlights: Private movie director Deepak Deon about censor board

dot image
To advertise here,contact us
dot image