
റീ റീലീസിലും പുത്തൻ റിലീസുകളിലും വിജയം നേടുകയാണ് മോഹൻലാൽ. ഈ വർഷം ആദ്യം റിലീസ് ചെയ്ത എമ്പുരാൻ തുടങ്ങി ഇപ്പോൾ ഇതേ ഒടുവിൽ തിയേറ്ററിൽ എത്തിയ രാവണപ്രഭു വരെ തിയേറ്ററുകളിൽ ആഘോഷിക്കുന്ന കാഴ്ചയാണുള്ളത്. ആരാധകർക്കായി ഒരിക്കൽ കൂടി ഇനി തിയേറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രം ഗുരു ആണ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ മധുപാൽ ആണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
'രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹൻലാൽ സിനിമ ഗുരു ആണ്. ഗുരു തിയേറ്ററിൽ വരും. ഇപ്പോഴും സിനിമ യൂട്യൂബിലോ ടിവിയിൽ എല്ലാം വരുമ്പോൾ ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയേറ്ററിൽ ഇറക്കി കൂടെയെന്ന്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോൾ മുതൽ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്. അന്ന് രാജീവേട്ടൻ സിനിമ ചെയ്യുമ്പോൾ ആ കണ്ണുകാണാത്തവരുടെ സ്ഥലത്ത് അവർ പാട്ടുകളിലൂടെ സംസാരിക്കുമ്പോൾ അവരുടെ ഇൻസ്ട്രമെന്റ് ഉണ്ടാക്കിയിരുന്നു. ആ ഇൻസ്ട്രമെന്റ് വെച്ച് ഫോട്ടോ ഷൂട്ട് നടത്തിയാണ് ഇളയരാജ സാറിന് കൊടുത്തത്. അതിൽ നിന്നാണ് ഇളയരാജ സാർ മ്യൂസിക് ഉണ്ടാക്കിയത്.
അതിന്റെ ഫോട്ടോഷൂട്ടിൽ മുഴുവൻ ഞാൻ ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തിൽ ഒരു സിനിമ ആദ്യമായി ഓസ്‌കറിന് പോകുന്നുവെന്നത് ഭാഗ്യമാണ്. ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ പഠിപ്പിക്കാൻ എടുത്ത് വെച്ചിട്ടുള്ള സിനിമകളിൽ ഒന്നാണ് അത്,' മധുപാൽ പറഞ്ഞു.
1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണ് ഗുരു. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.
അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
Content Highlights: Mohanlal's next re-release film is 'Guru'