ബിഹാർ തെരഞ്ഞെടുപ്പ്: എഐ ഉപയോഗിച്ചുള്ള ഡീപ്ഫേക്ക് വീഡിയോകൾ ഉപയോഗിക്കുന്നതിൽ ECIയുടെ മുന്നറിയിപ്പ്

തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനമായി നിരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്

ബിഹാർ തെരഞ്ഞെടുപ്പ്: എഐ ഉപയോഗിച്ചുള്ള ഡീപ്ഫേക്ക് വീഡിയോകൾ ഉപയോഗിക്കുന്നതിൽ ECIയുടെ മുന്നറിയിപ്പ്
dot image

ബിഹാർ തെരഞ്ഞെടുപ്പിൽ എഐ ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിവരങ്ങൾ വളച്ചൊടിക്കുന്നതോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനായി AI അധിഷ്ഠിത ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ്.

എല്ലാ രാഷ്ട്രീയ പാർട്ടികൾ അവയുടെ നേതാക്കൾ, സ്ഥാനാർത്ഥികൾ, സ്റ്റാർ കാമ്പെയ്‌നർമാർ തുടങ്ങിയവർ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി എഐ ഉപയോഗിച്ച് തയ്യാറാക്കിയ കണ്ടെൻ്റുകൾ പങ്കുവെയ്യുകയാണെങ്കിൽ അതിനെ 'Al-Generated', 'Digitally Enhanced', 'Synthetic Content' എന്നിങ്ങനെ അവയുടെ സ്വഭാവം അനുസരിച്ച് ലേബൽ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനമായി നിരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അന്തരീക്ഷം മോശമാകുന്നില്ലെന്ന് ഉറപ്പാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഏതെങ്കിലും രീതിയിൽ ലംഘിച്ചാൽ കർശനമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തെയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രബല്യത്തിൽ വന്ന തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ഉൾക്കൊള്ളുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

എതിരാളികളായ രാഷ്ട്രീയ പാർട്ടികളെ അവരുടെ നയങ്ങളും പരിപാടികളും മുൻകാല നിലപാടുകളും പ്രവർത്തനങ്ങളും ചൂണ്ടിക്കാണിക്കുന്ന വിധത്തിൽ മാത്രമായി വിമർശനം പരിമിതപ്പെടുത്തണം. എതിർപാർട്ടികളിലെ നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതു പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ നിന്ന് പാർട്ടികളും സ്ഥാനാർത്ഥികളും വിട്ടുനിൽക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത ആരോപണങ്ങളോ വളച്ചൊടിക്കലുകളോ അടിസ്ഥാനമാക്കി മറ്റ് പാർട്ടികളെയോ അവരുടെ പ്രവർത്തകരെയോ വിമർശിക്കുന്നത് ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Election Commissin warns parties against AI-generated synthetic videos targeting rivals

dot image
To advertise here,contact us
dot image