പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ് പടം, സംവിധായകന്റെ വിഷൻ അപാരമാണ്; നാനി സിനിമയെക്കുറിച്ച് രാഘവ് ജുയാൽ

'സ്പാനിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ സിനിമ ഡബ്ബ് ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ പ്രൊജക്റ്റ് ആണ്'

പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ് പടം, സംവിധായകന്റെ വിഷൻ അപാരമാണ്; നാനി സിനിമയെക്കുറിച്ച് രാഘവ് ജുയാൽ
dot image

ദി ബാഡ്‌സ് ഓഫ് ബോളിവുഡ്, കിൽ എന്നീ പ്രോജെക്റ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് രാഘവ് ജുയാൽ. ബാഡ്‌സ് ഓഫ് ബോളിവുഡിലെ നടന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. വലിയ കയ്യടികളാണ് താരത്തിനെ തേടി എത്തിയത്. ഇപ്പോഴിതാ നാനി ചിത്രമായ ദി പാരഡൈസിലൂടെ തെലുങ്ക് സിനിമയിലേക്ക് എത്തുകയാണ് രാഘവ്. ഒരു പാൻ വേൾഡ് സിനിമയാണ് പാരഡൈസ് എന്നും നാനിക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്നും പറയുകയാണ് രാഘവ് ജുയാൽ.

'ശ്രീകാന്ത് ഒഡേലയുടെ മുൻ ചിത്രമായ ദസറ കണ്ടിട്ടുള്ളവർക്ക് അദ്ദേഹത്തിന്റെ വിഷൻ എന്താണെന്ന് അറിയാമായിരിക്കും. അദ്ദേഹത്തിനോടപ്പം പാരഡൈസ് ചെയ്യാൻ കഴിയുന്നത് ഒരു ത്രില്ലിംഗ് ആയ അനുഭവം ആകും. ചിത്രത്തിലെ എന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവരും. നാനിക്ക് ഒപ്പം അഭിനയിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു. അദ്ദേഹം ഒരു മികച്ച നടൻ ആണ്. ഒരു പാൻ വേൾഡ് ചിത്രമാണ് പാരഡൈസ്. സ്പാനിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ സിനിമ ഡബ്ബ് ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ പ്രൊജക്റ്റ് ആണ്', രാഘവ് ജുയാൽ പറഞ്ഞു.

സൂപ്പർഹിറ്റ് ചിത്രം 'ദസറ'ക്ക് ശേഷം നടൻ നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാരഡൈസ്. 2026 മാർച്ച് 26 നു എട്ടു ഭാഷകളിൽ ആയി ഒരു പാൻ വേൾഡ് റീലിസ് ന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമയെ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന റിലീസ് ആയിരിക്കും ഈ സിനിമ. 1980-കളിലെ സെക്കന്ദരാബാദിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, ഗ്യാങ്സ്റ്റര്‍ നേതാവായാണ് നാനി എത്തുന്നതെന്നാണ് സൂചന. അവഗണിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി പോരാടുന്ന നായക കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. സാമൂഹികപരമായ മുൻവിധികളെക്കുറിച്ചുള്ള ഒരു വിലയിരുത്തലായിരിക്കും സിനിമയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി പാരഡൈസ്' എന്ന പേര് സിനിമയുടെ കഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ചിത്രം ഒരു 'റൈസ്-ടു-പവർ' ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

അനിരുദ്ധ് രവിചന്ദർ സംഗീതവും, ജി കെ വിഷ്ണു ഛായാഗ്രഹണവും, നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. സുധാകർ ചെറുകുരിയുടെ ഉടമസ്ഥതയിലുള്ള ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിൻ്റെ ബാനറിൽ ആണ് ഈ സിനിമ ഒരുങ്ങുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും 'ദി പാരഡൈസ്'. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്നത്. പി ആർ ഒ : ശബരി.

Content Highlights: Raghav Juyal about Nani film The Paradise

dot image
To advertise here,contact us
dot image