
നസ്രാണിയെന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഡേവിഡ് ജോൺ കൊട്ടാരത്തിൽ കോളേജ് വളപ്പിൽ ബ്ലാക്ക് ഹെലിക്കോപ്റ്ററിൽ വന്നിറങ്ങുന്ന സ്റ്റൈലൻ സീൻ ഓർമയില്ലേ. അതേപോലൊരു ബിസിനസ്മാനും അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്ററുമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ വൈറൽ. ഇന്ത്യയിലെ ധനികരുടെ എണ്ണം അനുദിനം വർധിക്കുകയാണെന്നാണ് പറയുന്നത്. പണം ആഡംബരത്തിനായി ചെലവഴിക്കാൻ ഈ കോടീശ്വരന്മാർക്ക് മടിയുമില്ല. ആഡംബര യാത്രയ്ക്ക് പോർഷേയും ലംബോർഗിനിയും വിട്ട് ഹെലികോപ്റ്റർ സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു വ്യവസായി.
ഹെലികോപ്റ്റർ സ്വന്തമാക്കിയതിനാൽ മാത്രമല്ല ഹൈദരാബാദി വ്യവസായി വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ ബോയിൻപള്ളി ശ്രീനിവാസ റാവു വാഹനപൂജയ്ക്കായി ഈ ഹെലികോപ്ടർ ക്ഷേത്രത്തിൽ എത്തിച്ചിരിക്കുകയാണ്. യദാദ്രിയിലെ ശ്രീലക്ഷ്മീ നാരായണ സ്വാമി ക്ഷേത്രത്തിലെത്തിൽ തന്റെ എയർബസ് ഹെലിക്കോപ്റ്ററുമായി എത്തിയാണ് ശ്രീനിവാസ റാവു വാഹനപൂജ നടത്തിയിരിക്കുന്നത്. എക്‌സിൽ മുഹമ്മദ് ലത്തീഫ് ബാബ്‌ല എന്നയാൾ പങ്കുവച്ചിരിക്കുന്ന വാഹന പൂജയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
മിക്കപ്പോഴും കാറുകൾ വാഹനപൂജയ്ക്ക് അമ്പലങ്ങളിലെത്തിക്കുന്ന കാഴ്ച എല്ലാവരും കണ്ടിട്ടുണ്ടാവും എന്നാൽ ഒരു ഹെലിക്കോപ്റ്റർ പൂജിക്കായി എത്തിക്കുന്നത് ആദ്യമായിരിക്കും. പൂജാരിയുടെ നിർദേശം അനുസരിച്ച് ചടങ്ങുകൾ കൃത്യമായി ചെയ്യുന്ന റാവുവിനെ ദൃശ്യങ്ങളിൽ കാണാം. മന്ത്രങ്ങളോടെ ആരംഭിച്ച്, നിലത്തുണ്ടായിരുന്ന കല്ലിൽ തേങ്ങ ഇടിച്ച് ഉടയ്ക്കുന്നതും ദൃശ്യത്തിലുണ്ട്.
പ്രതിമ ഗ്രൂപ്പ് ഉടമയാണ് റാവു. ഈയടുത്താണ് ACH - 135 ഹെലിക്കോപ്റ്റർ അദ്ദേഹം സ്വന്തമാക്കിയത്. ഏകദേശം അമ്പത് കോടിയാണ് വില. ചടങ്ങിൽ മുൻ മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവുവും പങ്കെടുത്തിരുന്നു. അറുപത് രാജ്യങ്ങളിലായി 300 കസ്റ്റമേഴ്‌സിന് ഇതുവരെ 1350 ACH - 135 ഹെലിക്കോപ്റ്റർ യൂണിറ്റുകൾ മാത്രമാണ് കമ്പനി വിറ്റിട്ടുള്ളത്. 40.2 അടി നീളം, 12.8 അടി ഉയരം എന്നിവയ്ക്ക് പുറമെ മെയിൻ റോട്ടോർ ഡയമീറ്റർ 34.1 അടിയാണ്. പല കോൺഫിഗറേഷനുകളിൽ ഇത് കസ്റ്റമൈസ് ചെയ്ത് നൽകും. ആറ് പേർക്ക് യാത്ര ചെയ്യാവുന്നതാണ് ഈ ഹെലികോപ്റ്റർ.
Content Highlights: Vahan puja of Airbus helicopter ACH - 135 in Hyderabad