
മോഹൻലാലിന് ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിന് ശേഷം നടനെ അഭിനന്ദിച്ചും അദ്ദേഹത്തോടുള്ള ആരാധന പ്രകടിപ്പിച്ചു കൊണ്ടുമുള്ള ഒരു പോസ്റ്റ് നടി ലക്ഷ്മി പ്രിയ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിലെ ലക്ഷ്മിയുടെ ചില അനുഭവങ്ങൾക്ക് നേരെ ട്രോളുകൾ എത്തിയിരുന്നു. 'ഹോഗ്ഗനക്കലെ കാട്ടിൽ മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്തു സൂക്ഷിച്ചു വച്ചു എന്ന് പറയുമ്പോ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന?' എന്ന് ലക്ഷ്മി കുറിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി.
തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജീവിച്ചു പൊയ്ക്കോട്ടെയെന്നും ദയവായി ചുറ്റിനും ഉള്ളവർ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുതെന്നും അവർ അവർക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. താൻ സൂക്ഷിച്ചിരിക്കുന്ന നഖം മോഹൻലാലിന്റേത് ആണെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.
'അതേ, ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹൻലാലിന്റെതാണ്. അത്രയധികം ആരാധനയും സ്നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റിൽ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വർഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ൽ ആണ്. 1989 ൽ ആണ് കിരീടം.വരവേല്പ്പും ആ വർഷം തന്നെയാണ്. അതിനും മുൻപേ 1986 ൽ ആണ് സന്മനസ്സുള്ളവർക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ൽ. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ആണ്.
പിന്നെയും വർഷങ്ങളും, ഓരോ വർഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താൽ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.എത്ര എത്ര വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യൻ സിനിമയിൽ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോർഡുകൾ ആണ് അതെല്ലാം…. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സിൽ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താൽ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.
മോഹൻലാൽ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കിൽ ഓസ്കാർ അവാർഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടാകുമായിരുന്നു? ഞാൻ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞതിലും. സർവ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയിൽ ഞാനുമുണ്ട് എന്നതിലും. എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവർ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവർ അവർക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ.
Content Highlights: Lakshmi Priya responds to criticism for post sharing experience with Mohanlal