
മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സന്തോഷ് ടി കുരുവിള താന്‍ നിര്‍മ്മിച്ച ചില സിനിമകളുടെ ബോക്‌സ് ഓഫീസ് പരാജയങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നു. മോഹന്‍ലാല്‍ നായകനായ നീരാളി , മമ്മൂട്ടി ചിത്രം ഗ്യാങ്ങ്സ്റ്റര്‍ എന്നിവ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനേക്കുറിച്ചും അതിനു പിന്നിലെ നിര്‍ണ്ണായകമായ കാരണങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇക്കാര്യം പറയുന്നത്.
2018-ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം 'നീരാളി'ക്ക് വലിയ ഹൈപ്പ് ഉണ്ടായിരുന്നെങ്കിലും, അത് പരാജയപ്പെടുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സന്തോഷ് ടി കുരുവിള പറയുന്നു. 'നീരാളി ഇറങ്ങുന്നതിന് മുമ്പ് എനിക്കറിയാമായിരുന്നു പൊട്ടുമെന്ന്,' അദ്ദേഹം വെളിപ്പെടുത്തി. മുംബൈയില്‍ വെച്ച് നടന്ന പ്രിവ്യൂ ഷോയില്‍ മോഹന്‍ലാലും താനും അടങ്ങുന്ന സംഘത്തിന് സിനിമ കണ്ടപ്പോള്‍ തന്നെ അത് വിജയിക്കില്ലെന്ന് മനസ്സിലായി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര പോലും ചിത്രം കണ്ടയുടന്‍, 'ഈ സിനിമ വിജയിക്കാന്‍ സാധ്യത കുറവാണെന്ന്' തന്നോട് പറഞ്ഞതായും സന്തോഷ് ടി. കുരുവിള ഓര്‍ത്തെടുക്കുന്നു.
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'ഗാങ്സ്റ്റര്‍' എന്ന സിനിമയും ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം സിനിമയായിട്ട് മോശമായിരുന്നില്ലെന്ന് സന്തോഷ് ടി. കുരുവിള ഉറപ്പിച്ചു പറയുന്നു. 'അത് കാലഘട്ടത്തിന് മുമ്പ് വന്ന പടമാണ് ഗാങ്സ്റ്റര്‍ എന്ന സിനിമ. ഇപ്പോ ഇറങ്ങുമായിരുന്നെങ്കില്‍ ചിലപ്പോള്‍ ഭയങ്കരമായിട്ട് വിജയിച്ചേനെ,' അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ റിലീസിന് തലേദിവസം രാത്രി 11 മണിക്ക് ആഷിഖ് അബുവും റിമ കല്ലിങ്കലും താനും ഒരുമിച്ചിരുന്ന് സിനിമ കണ്ടപ്പോള്‍ തന്നെ ഇത് കൈവിട്ടുപോയെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വിമാനത്തില്‍ കൊച്ചിയിലെത്തി ആൻ്റണി പെരുമ്പാവൂരിൻ്റെ വീട്ടില്‍ ചെന്ന്, 'പടം നമ്മുടെ കൈയ്യില്‍ നിന്ന് വിട്ടുപോയി, ഇത് വിജയിക്കില്ലെന്ന്' അദ്ദേഹത്തെ അറിയിച്ചതായും സന്തോഷ് ടി കുരുവിള വെളിപ്പെടുത്തി.
'ഗ്യാങ്ങ്സ്റ്റർ' പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, തിരക്കഥ നേരത്തെ തയ്യാറാക്കാത്തതും, വിതരണക്കാര്‍ വിഷുവിനു റിലീസ് ചെയ്യാനായി തിയേറ്ററുകാരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി വെച്ചതുമാണ്. 'കുറച്ച് സമയം എടുത്ത് ഒരു അവസരം ഗാങ്ങ്സ്റ്ററിന് അന്ന് കിട്ടുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ആ സിനിമ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായി മാറിയേനെ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights : Producer Santhosh T Kuruvila on why Gangster and Neerali flopped