രാഹുലിന് അപാര തൊലിക്കട്ടിയെന്ന് എൻ എൻ കൃഷ്ണദാസ്, എംഎൽഎയ്ക്ക് ഊരുവിലക്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ്

രാഹുലിനെ പേറിയാൽ കോൺഗ്രസ് അപമാനിതരാവും, നാറും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോൺഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതാണെന്നും കൃഷ്ണദാസ്

രാഹുലിന് അപാര തൊലിക്കട്ടിയെന്ന് എൻ എൻ കൃഷ്ണദാസ്, എംഎൽഎയ്ക്ക് ഊരുവിലക്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ്
dot image

പാലക്കാട്: ലൈംഗിക ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ മണ്ഡലത്തിൽ സജീവമാകാനൊരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സിപിഐഎം. അപാരചർമ്മ ബലമുള്ള ആളുകൾക്ക് മാത്രമേ ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ എത്താൻ ധൈര്യം ഉണ്ടാകുവെന്ന് സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. രാഹുലിനെ പേറിയാൽ കോൺഗ്രസ് അപമാനിതരാവും, നാറും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോൺഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതാണ്. ചെയ്ത വോട്ട് തിരിച്ചെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നെങ്കിൽ, ജനങ്ങൾ രാഹുലിനെ പുറത്താക്കുമായിരുന്നു. ജനപ്രാധിനിത്യ നിയമത്തിലെ ഈയൊരു പോരായ്മ ഉപയോഗിച്ച് രാഹുൽ എന്ന ദുർഗന്ധത്തെ ജനങ്ങൾക്കിടയിൽ നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എൻ എൻ കൃഷ്ണദാസ് റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം മണ്ഡലത്തിലെത്തിയ രാഹുലിനെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഊര് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. രാഹുലിനെ കാണുമ്പോൾ പരിചയമുള്ളവർ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യും. രാഹുലിന് യാതൊരു സ്വീകരണവും നൽകിയിട്ടില്ല. എംഎൽഎ എന്ന നിലയിൽ അദ്ദേഹവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി തീരുമാനമാണ് ഡിസിസിയുടേത്. പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതാണ് അതിനാൽ തന്നെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മണ്ഡലത്തിൽ സജീവമാകുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് യുഡിഎഫ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്നാണ് വിവരം. മണ്ഡലത്തിലെത്തും മുൻപെ രാഹുൽ കോൺഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളുമായി ചർച്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസിയും ജില്ലാ മുസ്ലിം ലീഗും കെപിസിസിയെ അറിയിച്ചിരുന്നു. ശനിയാഴ്ചയിലേക്ക് നിശ്ചയിച്ച യാത്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.

38 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ കഴിഞ്ഞ ദിവസം പാലക്കാടെത്തിയത്. വിവിധ മരണ വീടുകൾ സന്ദർശിച്ച ശേഷം രാഹുൽ എംഎൽഎ ഓഫീസിലും എത്തി. കഴിഞ്ഞമാസം 17-നാണ് രാഹുൽ അവസാനമായി മണ്ഡലത്തിൽ എത്തുന്നത്. അതിന് ശേഷം ഉയർന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും കാരണം രാഹുലിന് മണ്ഡലത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. രാഹുൽ എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും നിലപാടെടുത്തതോടെ രാഹുൽ അടൂരിൽ തന്നെ തുടർന്നു. ഒടുവിൽ 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്. രാഹുൽ പാലക്കാട് എത്തിയതിന് പിന്നാലെ ബിജെപിയും ഡിവൈഎഫ്‌ഐയും പ്രതിഷേധവും ആരംഭിച്ചു. എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. രാഹുലിനെതിരെ കോളാമ്പി കെട്ടി അനൗൺസ്‌മെന്റ് നടത്തിയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിലെത്തിയ രാഹുലിനെ ചേർത്തുപിടിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളാണ് ഏറെനേരം ഒപ്പം ഇരുന്ന് രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചത്.

ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുൽ മണ്ഡലത്തിലെത്തിയപ്പോൾ, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോൺഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്.

Content Highlights: NN Krishnadas against Rahul Mamkootathil

dot image
To advertise here,contact us
dot image