റൗഫിന്റെ വിവാദ ആംഗ്യത്തിന് PCB ചെയർമാന്റെ പിന്തുണ; എക്‌സിൽ റൊണാൾഡോയുടെ ജെറ്റ് സെലിബ്രേഷൻ പോസ്റ്റ് ചെയ്തു

ഹാരിസ് റൗഫിന്റെ ഈ പ്രകോപനപരമായ ആം​ഗ്യം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.

റൗഫിന്റെ വിവാദ ആംഗ്യത്തിന് PCB ചെയർമാന്റെ പിന്തുണ; എക്‌സിൽ റൊണാൾഡോയുടെ ജെറ്റ് സെലിബ്രേഷൻ പോസ്റ്റ് ചെയ്തു
dot image

ഏഷ്യാ കപ്പിൽ വീണ്ടും വിവാദം. ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിൽ പാക് പേസർ ഹാരിസ് റൗഫ് നടത്തിയ പ്രകോപനപരമായ ജെറ്റ് ആംഗ്യത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനായ മൊഹ്‌സിൻ നഖ്‌വി സമാനമായ വിവാദത്തിലേക്ക് പങ്കുചേർന്നു.

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫൈറ്റർ ജെറ്റ് സെലിബ്രേഷന്റെ ഫോട്ടോ എക്‌സിൽ പങ്കുവെച്ചാണ് നഖ്‌വി റൗഫിന് പിന്തുണയറിയിച്ചത്. നഖ്‌വിയുടെ പോസ്റ്റിന് വലിയ വിമർശനം ആണ് ഉയരുന്നത്. നിലവിൽ ഏഷ്യ കപ്പ് സംഘടിപ്പിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും കൂടിയാണ് നഖ്‌വി

ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഗാലറിയിൽനിന്ന് ഇന്ത്യൻ ആരാധകർ കോഹ്‌ലി, കോഹ്‌ലി എന്ന് ആർത്തുവിളിച്ചപ്പോൾ ഹാരിസ് റൗഫ് ‘6–0’ എന്ന് ആംഗ്യം കാണിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ആറ് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല.

ഇതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് കൈവിരലുകൾ കൊണ്ട് 6-0 എന്നും ഹാരിസ് റൗഫ് കാണികളെ നോക്കി കാണിച്ചത്. ഹാരിസ് റൗഫിന്റെ ഈ പ്രകോപനപരമായ ആം​ഗ്യം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. റൗഫിന് പിന്നാലെ സാഹിബ്‌സാദ ഫർഹാൻ ബാറ്റ് കൊണ്ട് ഗൺ സെലിബ്രേഷൻ നടത്തിയതും വിവാദമായിരുന്നു.

ഏഷ്യ കപ്പിൽ ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം. വിജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാം. ഇന്നലെ സൂപ്പർ ഫോറിലെ രണ്ടാം വിജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്.

ഇന്ന് ബംഗ്ലാദേശിനെതിരെ പാകിസ്താൻ വിജയിക്കുകയാണെങ്കിൽ ഒരിക്കൽ കൂടി ഒരു ഇന്ത്യ- പാക് പോരാട്ടം കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് അവസരമൊരുങ്ങും. സെപ്തംബർ 28 നാണ് ഫൈനൽ.

Content Highlights: After Haris Rauf, PCB chief Mohsin Naqvi gets into jet downing controversy

dot image
To advertise here,contact us
dot image