
പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒരു പരാജയമല്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇതിന് മുൻപ് 20 കോടിക്ക് മുകളിൽ ചിലവിൽ ഒരു പടം വന്നിട്ടില്ലെന്നും ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണെന്നും സന്തോഷ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇക്കാര്യം പറഞ്ഞത്.
'മരക്കാർ ഒരു പരാജയ സിനിമയല്ല, 89-92 കോടി രൂപ വരെ ചിലവായ പടമാണ്. മലയാളം ഇൻഡസ്ട്രിയിൽ അതിന് മുൻപ് എനിക്ക് തോന്നുന്നില്ല 20 കോടിക്ക് മുകളിൽ ഒരു പടം വന്നിട്ടുണ്ടെന്. ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണ് അപ്പോൾ ബഡ്ജറ്റിന്റെ അഞ്ച് ശതമാനം പോലും നഷ്ടം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാൽ മരയ്ക്കാർ നഷ്ടമല്ല, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് മോഹൻലാൽ ആണെന്നും സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ ഇവരൊക്കെ പ്രിയദർശൻ ആയി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് കുറച്ച് പൈസയെ വാങ്ങിയുള്ളൂവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
മോഹൻലാലിനൊപ്പം 44 നും മേലെ സിനിമകൾക്ക് പ്രിയദർശൻ ഒന്നിച്ചിട്ടുണ്ട്. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തിയിൽ ആരംഭിച്ച കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് വേണ്ടിയാണ്. 2021ൽ പുറത്തിറങ്ങിയ മരക്കാരിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നിരവധി വിമർശനങ്ങൾ ആ സമയം മോഹൻലാലും അണിയറപ്രവർത്തകരും നേരിടേണ്ടി വന്നെങ്കിലും ചിത്രം മുടക്കുമുതൽ തിരിച്ച് പിടിച്ചിരുന്നു. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവഹിച്ചു. സംഗീതം റോണി റാഫേല്‍.
Content Highlights: Producer Santhosh T Kuruvilla talks about Marakkar arabikadalinte simham movie