
പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം നിർമാതാക്കൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നടിയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ ആവാതെയാണ് ഈ തീരുമാനം എടുത്തതെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ദീപിക തന്നെയാണ് കൽക്കി 2 നിരസിച്ചതെന്നാണ് സിനിമയുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ അറിയിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ ആദ്യ ഭാഗത്തിൽ മുഴുനീള കഥാപാത്രമായിരുന്നു ദീപികയുടേത്. എന്നാൽ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലേക്ക് വെട്ടിച്ചുരുക്കിയതിനാലാണ് നടി സിനിമ ഉപേക്ഷിച്ചതെന്നാണ്
റിപ്പോർട്ടുകൾ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തിരക്കഥയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവരുടെ ഭാഗം ഇപ്പോൾ ഒരു അതിഥി വേഷത്തിലേക്ക് ചുരുക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ ദീപികയെ അറിയിച്ചിരുന്നു. 'കൽക്കി 2' ന്റെ ഷൂട്ടിംഗിനായി കാത്തിരിക്കുന്ന ദീപികയുടെ ടീം ഇത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കാമിയോ വേഷം ചെയ്യാന്‍ തയ്യാറല്ലെന്ന് ദീപിക നിര്‍മാതാക്കളെ അറിയിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവ സത്യമാണെങ്കില്‍ എങ്ങനെയാണ് നിര്‍മാതാക്കള്‍ക്ക് ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുക എന്നാണ് പലരും ചോദിക്കുന്നത്.
നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ഏഴ് മണിക്കൂർ ജോലി സമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്‌ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'സ്‌പിരിറ്റി'ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. എന്നാല്‍ ജോലിസമയം സംബന്ധിച്ച് ദീപിക ഉയര്‍ത്തിയ ആവശ്യത്തെ സിനിമാമേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേര്‍ പിന്തുണച്ചിരുന്നു.
കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വിമർശങ്ങൾ ഉയരുന്നുണ്ട്. അതേസമയം, കൽക്കിയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദീപിക ഇല്ലാതെ രണ്ടാം ഭാഗം എങ്ങനെ ആയിരിക്കുമെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.
2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളേക്കാള്‍
വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.
Content Highlights: Reports suggest that Deepika has left the film Kalkki