
കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും അക്കാദമിക് രംഗത്തെ പ്രമുഖനുമായ ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ 'ലോക: ചാപ്റ്റര്‍ വണ്‍, ചന്ദ്ര' കണ്ട ശേഷം അദ്ദേഹം എഴുതിയ കുറിപ്പ് മലയാള സിനിമയുടെ നിലവാരത്തെക്കുറിച്ചുള്ള ഗൗരവമായ ചില ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
ഓണത്തിന് കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ദുല്‍ഖറിനെയും മമ്മൂട്ടിയെയും ഇഷ്ടമായത് കൊണ്ടും, ദുല്‍ഖര്‍ നിര്‍മ്മിച്ച സിനിമയായതുകൊണ്ടും 'ലോക' യെ വിമര്‍ശിക്കാന്‍ പലരും മടിച്ചേക്കാം. എന്നാല്‍ സത്യം തുറന്നുപറയാന്‍ താന്‍ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'ഇത് വലിയൊരു കൊലച്ചതിയായിപ്പോയി ദുല്‍ഖര്‍' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. 'ബീഭത്സം', 'അരോചകം', 'അസഹ്യം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു 'പരമബോറന്‍' യക്ഷിക്കഥയാണ് ഈ സിനിമയെന്ന് അദ്ദേഹം പറയുന്നു.
വലിയ ബഡ്ജറ്റില്‍ സിനിമകള്‍ ഒരുക്കുന്ന ഇപ്പോഴത്തെ പ്രവണതയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. കടമറ്റത്ത് കത്തനാര്‍, ഡ്രാക്കുള തുടങ്ങിയ യക്ഷിക്കഥകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് മുന്‍പില്‍ 'ലോക' പോലെയുള്ള സിനിമകള്‍ ഇറക്കുന്നതിലെ അരോചകത്വവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ അവസാനഭാഗത്തിലെ 'ചാത്തന്‍മാര്‍ ഇനിയും വരും' എന്ന ഡയലോഗ്, 'ലോക'യുടെ കൂടുതല്‍ ഭാഗങ്ങള്‍ വരുമെന്ന ഭീഷണിയായാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പരിഹസിക്കുന്നു.
പുതിയ സിനിമകള്‍ക്ക് ലഭിക്കുന്ന കൃത്രിമ ഹൈപ്പുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യവും ശ്രദ്ധേയമാണ്. 'നീലി' യക്ഷിക്കായി ഒ നെഗറ്റീവ് രക്തം ദാനം ചെയ്യാന്‍ തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ജെന്‍സി ക്യൂ നില്‍ക്കുമോ എന്ന് അദ്ദേഹം പരിഹാസ രൂപേണ ചോദിക്കുന്നു. കൂടാതെ ജയസൂര്യയുടെ 'കത്തനാര്‍' എന്ന പുതിയ ചിത്രത്തെ 'സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷിപീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം.' എന്നും കളിയാക്കലിന്റെ ഭാഷയില്‍ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. ഇത്തരം സിനിമകളെ നേരിടാനുള്ള മാര്‍ഗം 'ബഹിഷ്‌കരണം' മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ഇക്ബാല്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
content highlights : Former VC of Kerala University Ekbal Bappukunju criticised Lokah