
ഒപ്പം, ഓഫീസർ ഓൺ ഡ്യൂട്ടി, അമർ അക്ബർ അന്തോണി എന്നീ സിനിമകളിലൂടെ പ്രേക്ഷപ്രിയങ്കരിയായ നടിയാണ് മീനാക്ഷി. നടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും അതിന്റെ ക്യാപ്ഷനുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മീനാക്ഷി നൽകിയ മറുപടിയാണ് കയ്യടി നേടുന്നത്.
ഥാറിന് സമീപം നിൽക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മീനാക്ഷി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 'THAR'മ്മികത … ഞാൻ ശ്രദ്ധിക്കാറുണ്ട്….' എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി ക്യാപ്ഷനായി കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ 'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ ഓർത്താൽ നല്ലത്' എന്ന കമന്റുമായി ഒരാൾ എത്തി. ഈ കമന്റിന് മീനാക്ഷി നൽകിയ മറുപടിയാണ് കയ്യടി നേടുന്നത്. 'കാലം മാറിയെന്നും ഇപ്പോൾ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം' എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. നിമിഷനേരം കൊണ്ടാണ് മീനാക്ഷിയുടെ ഈ മറുപടി വൈറലായത്. നിരവധി പേരാണ് മീനാക്ഷിയെ അഭിനന്ദിച്ച് എത്തുന്നത്.
അതേസമയം, പ്രൈവറ്റ് എന്ന ചിത്രമാണ് മീനാക്ഷിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഇന്ദ്രൻസും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തജു സജീദാണ് ലൈന്‍ പ്രൊഡ്യൂസര്‍, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവല്‍ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. നവാഗതനായ അശ്വിന്‍ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Content Highlights: Meenakshi anoop's comment goes viral