
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വെള്ളപൂശി കോണ്‍ഗ്രസ് മുഖപത്രം. പരാതിക്കാര്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന് വീക്ഷണം ദിനപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചനയാണ് പീഡന പരാതികളെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോള്‍ എന്ന ലേഖനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുള്ള പരാമര്‍ശങ്ങള്‍.
'മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ ഇക്കൂട്ടര്‍ക്ക് മടിയുണ്ടാവില്ല. മൊഴിയില്‍ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തമാണ്. സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗര്‍ഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നു', എന്നിങ്ങനെയാണ് ലേഖനം.
സിപിഐഎം നാറ്റിച്ചാല്‍ തകരുന്നവരല്ല കോണ്‍ഗ്രസിലെ യുവനേതാക്കളെന്നും വീക്ഷണത്തില്‍ പറയുന്നു. ഇത്തരം തറവേലകള്‍ കൊണ്ട് മൂന്നാം ഭരണം കിട്ടുമെന്ന് വിചാരിക്കേണ്ടെന്നും സിപിഐഎമ്മിലെ 'കത്ത് ചോര്‍ച്ചാ വിവാദം' മറയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും ലേഖനത്തില്‍ പറയുന്നു. എല്ലാത്തിനും നിന്നുകൊടുത്തിട്ട് പിന്നീട് പരാതിയുമായി വരുന്നത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തില്‍ ആക്കുമെന്നാണ് മുന്നറിയിപ്പ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമോ എന്നതില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി നേതാക്കള്‍ സംസാരിക്കുകയാണ്.
Content Highlights: Congress paper Veekshanam support Rahul Mamkootathil over allegations