
തിരുവനന്തപുരം: അനാഥാലയത്തില്‍ മരണമടഞ്ഞ രാഖി എന്ന യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്ത് കഠിനംകുളം ഗ്രാമപഞ്ചായത്ത് ചിറ്റാറ്റുമുക്ക് വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ സഫീര്‍. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത രാഖി എന്ന ഇതരസംസ്ഥാനക്കാരിയുടെ മരണാനന്തര ചടങ്ങുകളാണ് സഫീര്‍ നടത്തിയത്. മനുഷ്യസ്‌നേഹത്തിനു മുന്നില്‍ ജാതിമതഭേദമില്ലെന്ന് സഫീര്‍ പറയുന്നു. 'എന്റെ മതം ഇതൊന്നും വിലക്കുന്നില്ല. മാനവികത ഉയര്‍ത്തിപ്പിടിക്കാനാണ് പഠിപ്പിക്കുന്നത്. ഇനിയും ഇത്തരം കര്‍മങ്ങള്‍ ചെയ്യും. സഹജീവി സ്‌നേഹമാണ് എല്ലാത്തിലും വലുത്': സഫീര്‍ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ഇത് നാലാം തവണയാണ് സഫീര്‍ മരണാനന്തരച്ചടങ്ങുകള്‍ നടത്തുന്നത്.
മേനംകുളത്ത് പ്രവര്‍ത്തിക്കുന്ന ബെനടിക്റ്റ് മെന്നി അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന രാഖി ഇതരസംസ്ഥാനക്കാരിയായിരുന്നു. അര്‍ബുദബാധിതയായ രാഖിയുടെ ബന്ധുക്കള്‍ ആരൊക്കെയാണ് എന്ന് അറിയില്ലായിരുന്നു. മാനസികരോഗത്തിനും ചികിത്സയിലായിരുന്ന യുവതി തന്റെ മരണാനന്തര ചടങ്ങുകള്‍ ഹിന്ദു മതാചാര പ്രകാരം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഖി മരിച്ചതോടെ ചടങ്ങുകള്‍ ആര് ചെയ്യുമെന്ന ചോദ്യമുയര്‍ന്നു. വിവരമറിഞ്ഞ സഫീര്‍ സ്ഥലത്തെത്തുകയും സംസ്‌കാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമായിരുന്നു. കഴക്കൂട്ടം ശാന്തിതീരത്തില്‍ വെളളിയാഴ്ച്ച സഫീര്‍ രാഖിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി. നേരത്തെയും ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന രണ്ട് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെയും ഒരു ഇസ്ലാം മതവിശ്വാസിയുടെയും സംസ്‌കാരച്ചടങ്ങുകള്‍ സഫീര്‍ ചെയ്തിരുന്നു.
Content Highlights: Upholding humanity, not religion: Safir conducts funeral rites for Rakhi who died in orphanage