
ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ബുധനാഴ്ച ആതിഥേയരായ യുഎഇയ്‌ക്കെതിരെ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യയും. ഇപ്പോഴിതാ പരിശീലനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നടത്തിയ മത്സരത്തിന്റെ വീഡിയോ വൈറലാവുകയാണ്.
ബിസിസിഐ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവ് പരിശോധിക്കാന്‍ പരിശീലകര്‍ നടത്തിയ ഫീല്‍ഡിങ് ഡ്രില്‍ ചലഞ്ചില്‍ പ്രധാനപ്പെട്ട പല താരങ്ങളും പരാജയപ്പെട്ടു എന്നതാണ് രസകരമായ കാര്യം. ഫീല്‍ഡിങ് കോച്ച് ടി ദിലീപ് മുന്നോട്ടുവെച്ച ചലഞ്ചില്‍ മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അടക്കമുള്ള താരങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
സ്റ്റമ്പുകളില്‍ നേരിട്ട് അടിക്കുക എന്ന വെല്ലുവിളിയാണ് പരിശീലകന്‍ കളിക്കാര്‍ക്ക് മുന്നില്‍ വെച്ചത്. കൂടുതല്‍ മത്സരക്ഷമത കൈവരിക്കുന്നതിനായി, ഡ്രില്ലിനായി ഒരു ചെറിയ സമ്മാനത്തുകയും മാറ്റിവച്ചു. വെല്ലുവിളി ആദ്യം പൂര്‍ത്തിയാക്കുക, വിജയികളാകുക എന്നതായിരുന്നു ഏക നിയമം.
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും ഈ ടാസ്‌കില്‍ വിജയം നേടാന്‍ സാധിക്കാതെ പോയി. അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ നേരിട്ടുള്ള ത്രോയിലൂടെ പന്ത് സ്റ്റംപില്‍ കൊള്ളിച്ചു. ഫിനിഷര്‍ റിങ്കു സിങ്ങും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം ഡയറക്ട് ത്രോയിലൂടെ പന്ത് സ്റ്റംപില്‍ കൊള്ളിച്ചു. വിജയികള്‍ക്ക് ഫീല്‍ഡിങ് പരിശീലകനായ ടി ദിലീപ് ക്യാഷ് പ്രൈസും നല്‍കി.
Content Highlights: Asia Cup: sanju samson fielding drill by coach T Dilip