മമ്മൂക്കയുടെ ആ നോട്ടം..,വരാനിരിക്കുന്നത് ഒന്നൊന്നര വില്ലൻ തന്നെ, 'കളങ്കാവല്‍' ടീസർ എത്തി

മമ്മൂക്കയുടെ നോട്ടം കണ്ടാൽ തന്നെ അറിയാം വരാനിരിക്കുന്നത് അസൽ വില്ലൻ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്

മമ്മൂക്കയുടെ ആ നോട്ടം..,വരാനിരിക്കുന്നത് ഒന്നൊന്നര വില്ലൻ തന്നെ, 'കളങ്കാവല്‍' ടീസർ എത്തി
dot image

ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ആവേശമുണര്‍ത്തിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ശേഷം പുതിയ അപ്‌ഡേറ്റിനായി കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഏവരും. ഇപ്പോഴിതാ കളങ്കാവലിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

50 സെക്കന്റ് മാത്രമുള്ള ടീസറിലെ മമ്മൂക്കയുടെ നോട്ടം കണ്ടാൽ തന്നെ അറിയാം വരാനിരിക്കുന്നത് അസൽ വില്ലൻ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. മികച്ച പ്രതികരണമാണ് ടീസർ നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ലോക എന്ന ചിത്രത്തിനൊപ്പമാണ് തിയേറ്ററിൽ കളങ്കാവൽ ടീസർ ഇറക്കിയിരിക്കുന്നത്. യൂട്യൂബിലും ടീസർ ലഭ്യമാണ്.

പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. ചിത്രത്തില്‍ വിനായകനാണ് അടുത്ത കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. നാഗർകോവിൽ ആണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights:  mammootty movie Kalamkaval teaser out now

dot image
To advertise here,contact us
dot image