
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമാകാൻ പ്രേക്ഷകർക്കും അവസരം ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ലോകയുടെ അടുത്ത ഭാഗത്തിലെ സൂപ്പർ ഹീറോയെ ഡിസൈൻ ചെയ്യാനുള്ള അവസരമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിജയികൾക്ക് ലോകയുടെ അടുത്ത പാർട്ടുകളിൽ ഭാഗമാകാം. സെപ്റ്റംബർ 15 ആണ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയതി. #LOKAHSUPERHEROCHALLENGE എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ഡിസൈനുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ.
ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരുടെയും, സാൻഡി, ചന്ദു സലിം കുമാർ. അരുൺ കുര്യൻ എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". സൂപ്പർഹീറോ ആയ "ചന്ദ്ര" എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്നത്. "സണ്ണി" എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാൻഡി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും അഭിനയിച്ചിരിക്കുന്നു.
ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". നേരത്തെ റിലീസ് ചെയ്ത 'ലോക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായി മാറിയത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും നൽകിയത്. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
Content Highlights: Audiences also have the opportunity to be part of Wayfarer Films' Loka'