
സൂപ്പർഹിറ്റ് ചിത്രം 'ദസറ'ക്ക് ശേഷം നടൻ നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ദി പാരഡൈസി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെലുഗു സിനിമയിൽ ഇതുവരെ കാണാത്ത ഒരു പുതിയ ഗെറ്റപ്പിലാണ് നാനി പോസ്റ്ററിലുള്ളത്.
രണ്ട് സൈഡിലേക്കും നീണ്ടുകിടക്കുന്ന മുടിയും, മൂക്കുത്തികളും, നെറ്റിയിലെ പൊട്ടുമെല്ലാം കഥാപാത്രത്തിൻ്റെ തീവ്രത എടുത്തുകാണിക്കുന്നു. പോസ്റ്ററിലെ നാനിയുടെ അമ്പരപ്പിക്കുന്ന രൂപം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നാനിയുടെ പിന്നിലായി ആയുധങ്ങളുടെ ഒരു ശേഖരം കാണാം, ഇത് സിനിമയുടെ ആക്ഷൻ സ്വഭാവം സൂചിപ്പിക്കുന്നു. ചിത്രത്തിന്‍റെ പേര് നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഈ പോസ്റ്റിലൂടെയാണ് നായകകഥാപാത്രത്തിന്‍റെ പേരും പൂര്‍ണമായ ലുക്കും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജടല്‍ എന്നാണ് നാനിയുടെ ക്യാരക്ടറിന്‍റെ പേര്. പുതുമയുള്ള പേരാണല്ലോ എന്നാണ് ഇതിന് വരുന്ന കമന്‍റുകള്‍.
1980-കളിലെ സെക്കന്ദരാബാദിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, ഗ്യാങ്സ്റ്റര്‍ നേതാവായാണ് നാനി എത്തുന്നതെന്നാണ് സൂചന. അവഗണിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി പോരാടുന്ന നായക കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. സാമൂഹികപരമായ മുൻവിധികളെക്കുറിച്ചുള്ള ഒരു വിലയിരുത്തലായിരിക്കും സിനിമയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി പാരഡൈസ്' എന്ന പേര് സിനിമയുടെ കഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ചിത്രം ഒരു 'റൈസ്-ടു-പവർ' ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ബോളിവുഡ് താരം രാഘവ് ജുയാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'കിൽ' എന്ന സിനിമയിലെ രാഘവിൻ്റെ പ്രകടനം കണ്ടപ്പോൾ തന്നെ ഒരു ക്രൂരനായ കഥാപാത്രത്തിന് അദ്ദേഹം ഏറ്റവും അനുയോജ്യനാണെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടെന്ന് സംവിധായകൻ ശ്രീകാന്ത് ഒഡേല ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ കഥാപാത്രം നാനിയുടെ നായക കഥാപാത്രത്തിന് ഒരു വലിയ വെല്ലുവിളിയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
അനിരുദ്ധ് രവിചന്ദർ സംഗീതവും, ജി കെ വിഷ്ണു ഛായാഗ്രഹണവും, നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. സുധാകർ ചെറുകുരിയുടെ ഉടമസ്ഥതയിലുള്ള ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 2026 മാർച്ച് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും 'ദി പാരഡൈസ്'. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്നത്.
Content Highlights : Social media praises Nani's swag in first look poster of his upcoming movie Paradise