
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഗായിക പുഷ്പവതി സദസിൽ നിന്ന് തന്നെ അടൂരിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുഷ്പവതിയെ അധിക്ഷേപിച്ചുകൊണ്ട് അടൂര്‍ സംസാരിച്ചിരുന്നു. പുഷ്പവതി ആരാണെന്ന് അറിയില്ലെന്നും കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ അവർക്ക് എന്താണ് യോഗ്യത എന്നുമായിരുന്നു അടൂർ ചോദിച്ചിരുന്നത്. ഇപ്പോഴിതാ ഗായകൻ സന്നിധാനന്ദൻ അടൂരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പുഷ്പവതി അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്റെന്നും കോൺക്ലേവിൽ പങ്കെടുത്തവരിൽ എല്ലാവരും പറയുന്നത് കേട്ട് തിരിച്ചുപോകണമെന്നില്ലെന്നും സന്നിധാനന്ദൻ പറഞ്ഞു. താങ്കൾ വരത്തനല്ല, ആണെന്ന് താങ്കൾക്ക് തോന്നിയാൽ അത് ഞങ്ങളുടെ കുറ്റവുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് സന്നിധാനന്ദൻ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
'വളരെ ബഹുമാനപ്പെട്ട അടൂർ സാറിനോട്, പുഷ്പവതി പൊയ്പ്പാടത്ത് ധാരാളം സിനിമകളിൽ പാടിയിട്ടുള്ള ഒരു ഗായിക ആണ് സാർ. അങ്ങനെ ഉള്ള ഒരാൾ സിനിമ കോൺക്ലേവിൽ പങ്കെടുത്തു അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്റ്, അവർ ഇപ്പോൾ സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ കൂടി ആണ്., സിനിമ കോൺക്ലേവിൽ അതിന്റെ സംഘാടകർ ക്ഷണിച്ചിട്ടായിരിക്കും ഓരോ വ്യക്തിയും വന്നിട്ടുണ്ടായിരിക്കുക. സ്റ്റേജിൽക്കയറി നിന്ന് പലരും പലതും പറയുന്നത് കേട്ട് തിരിച്ചുപോകണമെന്നില്ല ചിലർ ചിലത് തിരിച്ചു ചോദിച്ചുതന്നെയാണ് ഈ കേരളം വളർന്നത്,എല്ലാവർക്കും അഭിപ്രായവും അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്. 'സാർ താങ്കൾ വരത്തനല്ല ആണെന്ന് താങ്കൾക്ക് തോന്നിയാൽ അത് ഞങ്ങളുടെ കുറ്റവുമല്ല,' സന്നിധാനന്ദൻ പറഞ്ഞു.
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂർ ഗോപാല കൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ അടൂരിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ് സി / എസ് ടി ആക്ട് പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി / എസ് ടി കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Singer Sannidhanandan responds to Adoor Gopalakrishnan's controversial remark