
യുവ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ആവേശമുണര്‍ത്തുന്നു.
രജനി സാറിന് തന്റെ എല്ലാ പാട്ടുകളും അയച്ചുകൊടുക്കുന്ന പതിവില്ലെന്നും, 'ജയിലറി'ലെ 'ഹുക്കും' എന്ന ഗാനം മാത്രമാണ് റിലീസിനു മുമ്പ് അദ്ദേഹത്തിന് അയച്ചുകൊടുത്തതെന്നും അനിരുദ്ധ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'ജയിലര്‍' സിനിമയിലെ ഹുക്കും എന്ന തീം ഗാനം രജനികാന്തിന്റെ ഇമേജുമായി ബന്ധപ്പെട്ട് പ്രത്യേകം ചിട്ടപ്പെടുത്തിയതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം അറിയാന്‍ വേണ്ടി റിലീസിനു മുമ്പ് തന്നെ പാട്ട് അയച്ചുകൊടുത്തതെന്നും അനിരുദ്ധ് പറഞ്ഞു. സാധാരണയായി താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ രജനി സാര്‍ കേള്‍ക്കുന്നത് റിലീസ് ചെയ്തതിനു ശേഷമാണ്. എന്നിരുന്നാലും താനാണ് അദ്ദേഹത്തിന്റെ ഫേവറേറ്റ് സംഗീത സംവിധായകനെന്നും തന്റെ എല്ലാ പാട്ടുകളും അദ്ദേഹത്തിന് ഇഷ്ടമാണെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.
കൂലിയിലെ 'പവര്‍ഹൗസ്' എന്ന ഗാനത്തെക്കുറിച്ച് രജനി സാറിനോട് സംസാരിച്ചപ്പോള്‍ അത് 'ജയിലറിലെ' ഹുക്കും എന്ന ഗാനത്തിനു മുകളില്‍ പോകുമോയെന്ന് സംശയമുണ്ടായിരുന്നെങ്കിലും, പാട്ട് കേട്ടപ്പോള്‍ ആ സംശയം മാറിയെന്ന് രജനികാന്ത് പറഞ്ഞതായി അനിരുദ്ധ് വെളിപ്പെടുത്തി. ഇത് രജനി സാറില്‍ നിന്നും തനിക്കു ലഭിച്ച വലിയൊരു അംഗീകാരമാണെന്നും അനിരുദ്ധ് കുട്ടിച്ചേര്‍ത്തു.
രജനികാന്ത്-അനിരുദ്ധ് കൂട്ടുകെട്ടില്‍ പിറന്ന എല്ലാ പാട്ടുകളും വന്‍ വിജയമാണ് നേടിയത്. ആഗസ്റ്റ് 2ന് ഫാന്‍സും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന കൂലിയുടെ ട്രൈലര്‍ ഇറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുകൂടാതെ മോണിക്ക എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.
പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. പൂജയ്ക്കൊപ്പം ഗാനത്തിലെ സൗബിന്റെ ഡാൻസും ശ്രദ്ധ നേടുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആഗസ്റ്റ് 14 നാണ് പുറത്തിറങ്ങുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlights: Anirudh about Rajinikanth's opinion on song powerhouse in Coolie