നിമിഷപ്രിയയുടെ മോചനം: നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതിയില്ല

മോചനശ്രമത്തില്‍ ചര്‍ച്ച നടത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവര്‍ക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.

dot image

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതിയില്ല. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തളളി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഗള്‍ഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷന്‍ കൗണ്‍സിലിനെ അറിയിച്ചത്.

ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. രണ്ടുപേര്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചര്‍ച്ചയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചത്. 'യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യന്‍ എംബസി യെമനിലെ സനായിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, സുരക്ഷ മുന്‍നിര്‍ത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവില്‍ റിയാദിലാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.'-കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മോചനശ്രമത്തില്‍ ചര്‍ച്ച നടത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവര്‍ക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനം സങ്കീർണമായ വിഷയമാണെന്നും സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ശ്രമഫലമായി വധശിക്ഷ മാറ്റിവെച്ചു. വിഷയത്തിൽ ഇടപെടാൻ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ട്. അഭ്യൂഹങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുത്. തെറ്റായ മാധ്യമ റിപ്പോർട്ടുകൾ ഗുണം ചെയ്യില്ല'-എന്നാണ് ജയ്സ്വാൾ പറഞ്ഞത്.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തീരുമാനമായെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യെമൻ പൌരൻ തലാലിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു. വധശിക്ഷ നീട്ടിവെച്ചു എന്നതിനർത്ഥം വിധി റദ്ദാക്കി എന്നല്ലെന്ന് അബ്ദുൾ ഫത്താഹ് മഹ്ദി പറഞ്ഞു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുൾ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവർക്ക് ഇക്കാര്യം മനസിലാകും. ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാൻ അറ്റോർണി ജനറലിന് അധികാരമുണ്ട്. സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തീയതി എത്രയും വേഗം നിശ്ചയിക്കപ്പെടുമെന്നും ഫത്താഹ് കൂട്ടിച്ചേർത്തു.

Content Highlights: Nimisha Priya's release: Diplomatic team not allowed to go to Yemen says Central Government

dot image
To advertise here,contact us
dot image