
സാധാരണ സിനിമകളെ വെല്ലുവിളിച്ച് സ്വന്തം ശൈലിയില്‍ ചിത്രങ്ങളൊരുക്കുന്ന വെട്രിമാരന്‍ എന്ന തമിഴ് ചലച്ചിത്ര ലോകത്തെ അതികായന്‍ ഒരു മലയാളം യൂട്യൂബ് ചിത്രത്തെ പ്രശംസിച്ചാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിയോ ഫിലിം റിപ്പബ്ലിക്കില്‍ നടത്തിയ പ്രസംഗത്തിലാണ് വെട്രിമാരന്‍ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുന്ന 'ജീവി' എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
ആരോമല്‍ ആര്‍ ലാല്‍, എഴുതി സംവിധാനം ചെയ്ത്, ദീപു ക്രിയേറ്റീവ് ഹെഡായി പ്രവര്‍ത്തിച്ച 'ജീവി' യുദ്ധത്തിനെതിരായ രാഷ്ട്രീയം പരോക്ഷമായി പറയുന്നൊരു ഹൈബ്രിഡ് ഫിക്ഷന്‍ ചിത്രമാണ്. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ വെട്രിമാരന്‍ ഗ്യാസ്പര്‍ നോവെയുടെ സൈക്കിഡെലിക് ജോണറിനോട് ജീവി കാണിച്ച സാമ്യത്തെക്കുറിച്ചും വാചാലനായിരുന്നു.
'' ഈ ചിത്രം എന്ത് ട്രിപ്പാണെന്നും, LSDയാണോ അതോ മഷ്‌റൂമാണോയെന്നും തമാശരൂപേണയുള്ള ചോദ്യത്തിലുടെ, ചിത്രത്തിന്റെ എഴുത്തുകാരന്റെ ധൈര്യത്തെയും സത്യസന്ധതയെയും അദ്ദേഹം അഭിനന്ദിച്ചു, കൂടാതെ ഇതൊരു ഒറിജിനല്‍ സിനിമ'യാണെന്നും വെട്രിമാരന്‍ അടിവരയിട്ടു പറഞ്ഞു. ഇത് കേവലം ഒരു ചോദ്യമല്ല, മറിച്ച് ചിത്രത്തിന്റെ ആഴവും കാഴ്ചപ്പാടും എത്രത്തോളം അദ്ദേഹത്തെ സ്വാധീനിച്ചു എന്നതിന്റെ സൂചന കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ പ്രശംസ 'ജീവി'ക്ക് വലിയൊരു അംഗീകാരമായാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ കാണുന്നത്.
എല്ലാം കൊണ്ടും ഇതൊരു സ്പെഷ്യൽ സിനിമയാണ് കാരണം, പറയാനുള്ള കാര്യങ്ങളോടുള്ള സത്യസന്ധത അതിലുണ്ട്," വെട്രിമാരൻ പറഞ്ഞു. "എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറയും, അതിൽ നിന്ന് ഒഴിഞ്ഞു മാറാനോ ഒളിച്ചോടാനോ ഞാനില്ല. " എന്ന് എഴുത്തുകാരന്റെ മനോഭാവത്തെ ചിരിയോടെ അവതരിപ്പിച്ച വെട്രിമാരൻ, തന്റെ കാഴ്ചപ്പാടുകളില്‍ ഒരു തരിമ്പുപോലും വെള്ളം ചേർക്കാതെ, യാതൊരു ഒത്തുതീർപ്പിനും തയ്യാറാകാതെ തുറന്നുപറയാൻ ചിത്രത്തിന്റെ സംവിധായകൻ കാണിച്ച ധൈര്യത്തെയാണ് അതിലൂടെ ചൂണ്ടിക്കാട്ടിയത്. ഒരു കലാകാരന് സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ യാതൊരു ഭയവുമില്ലാതെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെയും ആത്മാർത്ഥതയെയും അദ്ദേഹം അഭിനന്ദിച്ചു.
ശങ്കര്‍ രാജ്, ബെന്‍ ഷാരോ, അലന്‍ പ്രാക്ക്, ജയേഷ് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രദാന അഭിനേതാക്കള്‍. നിഭിന്‍ ജോര്‍ജ് ഛായാഗ്രഹണവും, ധനുഷ് നാരായണന്‍ സൗണ്ട് ഡിസൈനും, അര്‍ജ്ജുന്‍ സാന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.മാറ്റം ആഗ്രഹിക്കുന്നതും പുതുമ തേടുന്നതുമായ ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ, ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ സ്ട്രീം ചെയ്യുന്ന 'ജീവി' ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.
content highlights: director Vetrimaran praises short film Jeevi by Bhavana studios