
A.M.M.A തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ തീരുമാനത്തിൽ കൂടുതൽ പ്രതികരണവുമായി നടൻ ബാബുരാജ്. പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സംഘടനയിൽ നിന്ന് സമ്മാനമായി ലഭിച്ചതെന്നും അതിനാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് പറഞ്ഞു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എറണാകുളം
ജൂലൈ 31, 2025
ബഹുമാനപ്പെട്ടവരെ,
വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.
കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.
ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.
സ്നേഹത്തോടെ,
ബാബുരാജ് ജേക്കബ്
തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ കൂട്ടിച്ചേർത്തു. ജനൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന്റെ പേര് ഉയർന്ന് വന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
നടനും നിർമാതാവുമായ വിജയ് ബാബുവും ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്തിരുന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേതൃസ്ഥാനത്തേക്ക് ഇത്തവണ സ്ത്രീകൾ വരട്ടെയെന്നും എ എം എം എയിലെ പല അംഗങ്ങളും പ്രതികരണം അറിയിച്ചിട്ടുണ്ട്.
Content Highlights: Baburaj responds to issues related with AMMA elections