14 തവണ അന്ന് നാഗാർജുന എന്നെ അടിച്ചു; അവസാനം മുഖത്ത് പാടുകൾ വീണു: മനസുതുറന്ന് ഇഷ കോപികർ

'ആദ്യം വളരെ ചെറുതായിട്ടാണ് അദ്ദേഹം അടിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും തോന്നിയില്ല'

dot image

ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഓര്‍മകള്‍ പങ്കുവച്ച് നടി ഇഷ കോപികര്‍. ചിത്രത്തിലെ ഒരു സീനില്‍ നാഗാര്‍ജുന നടിയെ അടിക്കുന്ന സീനുണ്ടായിരുന്നു എന്നാല്‍ പല തവണ ടേക്ക് പോകേണ്ടി വന്നതിനാല്‍ 14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നുവെന്ന് പറയുകയാണ് ഇഷ. പിങ്ക് വില്ലയോട് സംസാരിക്കുകയായിരുന്നു നടി.

'ചന്ദ്രലേഖ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. അത് എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. ചിത്രത്തിൽ നാഗാർജുന എന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. ഞാൻ അദ്ദേഹത്തോട് എന്നെ ശരിക്കും അടിക്കാൻ പറഞ്ഞു. ഓക്കെ ആണോ എന്ന് ആദ്യം അദ്ദേഹം എന്നോട് ചോദിച്ചു. പക്ഷെ എനിക്ക് അടി കിട്ടുമ്പോഴുള്ള ആ ഇമോഷൻ ശരിക്കും ഫീൽ ചെയ്തു അഭിനയിക്കണം എന്നുണ്ടായിരുന്നു. ആദ്യം വളരെ ചെറുതായിട്ടാണ് അദ്ദേഹം അടിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും തോന്നിയില്ല.

എനിക്ക് ഒരു പ്രശ്നമുണ്ട്, യഥാർത്ഥ ജീവിതത്തിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയും, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയില്ല. അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഈ ഒരു പ്രശ്നം കൊണ്ട് നാഗാർജുനയ്ക്ക് എന്നെ 14 തവണ അടിക്കേണ്ടി വന്നു. അവസാനമായപ്പോഴേക്കും മുഖത്ത് പാടുകൾ വീണു. ആ രംഗത്തിന് ശേഷം നാഗാർജുന എന്നോട് വന്നു ക്ഷമ ചോദിച്ചു. പക്ഷെ അത് എന്റെ ആവശ്യപ്രകാരം ചെയ്ത സീൻ ആയതിനാൽ ഞാൻ അദ്ദേഹത്തിനോട് കുഴപ്പമില്ല എന്ന് പറഞ്ഞു', ഇഷ കോപികർ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമയുടെ റീമേക്ക് ആണ് ഈ നാഗാർജുന ചിത്രം. രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം എസ് നാരായണ തുടങ്ങി നിരവധി താരങ്ങൾ ഈ തെലുങ്കിൽ റീമേക്കിൽ അണിനിരന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.

Content Highlights: Why did Nagarjuna Akkineni slap Isha Koppikar 14 times

dot image
To advertise here,contact us
dot image