
വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 31.50 കോടി നേടിയതായാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നും 27.25 കോടി നേടിയ സിനിമ കേരളത്തിൽ നിന്നും 75 ലക്ഷവും കർണാടകയിൽ നിന്ന് 2.75 കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 0.75 കോടിയും നേടിയതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ആഗോള തലത്തിൽ ചിത്രം ഉടൻ 50 കോടി പിന്നിടുമെന്നാണ് റിപ്പോർട്ട്. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ ഭക്ഷണ രംഗങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. 'വെറുംവയറ്റിൽ ഈ സിനിമ കാണുന്നത് ഹാനികരം' എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് സിനിമ പുറത്തിറങ്ങിയത്.
തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Vijay sethupathi film thalaivan thalaivii collection report