ഇടിമുഴങ്ങിയ റിംഗ് ഇനി ശാന്തം; ഹൾക്ക് ഹോഗൻ എന്ന വികാരം...

'ഹൾക്കാമാനിയ' എന്ന് കേട്ടാൽ എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ വളർന്ന തലമുറയ്ക്ക് ഒരു പ്രത്യേക ആവേശമായിരുന്നു.

dot image

റെസ്ലിംഗ് ലോകം കണ്ട എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ ഹള്‍ക്ക് ഹോഗന്‍ വിട പറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹള്‍ക്ക് വിടപറഞ്ഞത്. 71 വയസ്സായിരുന്നു. വാർത്ത പുറത്തുവന്ന നിമിഷം മുതൽ ലോകമെമ്പാടുമുള്ള റെസ്ലിംഗ് ആരാധകരും സിനിമാ പ്രേമികളും ഞെട്ടലോടെയും കണ്ണീരോടെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.

'ഹൾക്കാമാനിയ' എന്ന് കേട്ടാൽ എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ വളർന്ന തലമുറയ്ക്ക് ഒരു പ്രത്യേക ആവേശമായിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ടീ ഷർട്ടും തലയിൽ കെട്ടുമായി ഹൾക്ക് ഹോഗൻ റിംഗിൽ വരുമ്പോൾ ആവേശം വാനോളം ഉയരും.

'അമേരിക്കാസ് റിയൽ അമേരിക്കൻ ഹീറോ' എന്ന് ലോകം വാഴ്ത്തിയ ആ പേശീബലമുള്ള ശരീരം, എതിരാളികളെ വീഴ്ത്തി 'ലെഗ് ഡ്രോപ്പ്' എന്ന ഒറ്റ മൂവിലൂടെ ആൾക്കൂട്ടത്തെ ഇളക്കിമറിക്കുന്ന ആ സ്റ്റൈൽ – അതൊക്കെ ആരും മറക്കില്ലല്ലോ! WWE-യുടെ മുഖമുദ്ര തന്നെയായിരുന്നു അദ്ദേഹം. ആറ് തവണ ചാമ്പ്യൻഷിപ്പുകൾ നേടി, ഒരു റോയൽ റംബിൾ കിരീടം സ്വന്തമാക്കി…അങ്ങനെ ഹോഗന്റെ റെസ്ലിംഗ് നേട്ടങ്ങൾ എണ്ണിയാല്‍ തീരില്ല.

റെസ്ലിംഗ് റിംഗിൽ നിന്ന് ഹോളിവുഡിലേക്കും ഹൾക്ക് ഹോഗൻ തന്റെ മാസ്മരികത എത്തിച്ചു. സിൽവസ്റ്റർ സ്റ്റാലൻ നായകനായ 'റോക്കി III' (1982) എന്ന ചിത്രത്തിലെ 'തണ്ടർലിപ്‌സ്' എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 'മി. നാനി' പോലുള്ള ചിത്രങ്ങളിലും 'തണ്ടർ ഇൻ പാരഡൈസ്' അടക്കമുള്ള ടെലിവിഷൻ ഷോകളിലും അദ്ദേഹം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ കുടുംബ ജീവിതം പറഞ്ഞ 'ഹോഗൻ നോസ് ബെസ്റ്റ്' എന്ന റിയാലിറ്റി ഷോയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

"വെൽ, ലെറ്റ് മീ ടെൽ യു സംതിംഗ്, ബ്രദർ!" എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ ഡയലോഗിനും, ചെവിയിൽ കൈവെച്ച് കാണികളോട് ആർപ്പുവിളിക്കാൻ ആവശ്യപ്പെടുന്ന ആ സിഗ്നേച്ചർ സ്റ്റൈലിനും ഇന്നും ആരാധകര്‍ ഏറെയാണ്.

ഒരു തലമുറയെ മുഴുവൻ റെസ്ലിംഗിന്റെ ലോകത്തേക്ക് ആകർഷിച്ചതും, ആ കായിക ഇനത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തതും ഹൾക്ക് ഹോഗൻ ആയിരുന്നു എന്ന് നിസംശയം പറയാം. അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിയോഗം കായിക ലോകത്തിനും വിനോദ ലോകത്തിനും തീരാനഷ്ടം തന്നെയാണ്. റിംഗിലെ അതുല്യ പോരാളിയായി, നമ്മുടെയെല്ലാം ഹൃദയങ്ങളിൽ ഹീറോയായി ജീവിച്ച ഹൾക്ക് ഹോഗന് ആത്മാർത്ഥമായ യാത്രാമൊഴി. അദ്ദേഹത്തിന്റെ ഓർമ്മകളും റിംഗിലെ ആവേശവും നമുക്ക് എന്നും പ്രചോദനമായിരിക്കും.

Content Highlights : Varun Dhawan paid respect to the late Hulk Hogan, acknowledging his inspirational impact

dot image
To advertise here,contact us
dot image